ഒബാമയുടെ കുടിയേറ്റത്തിന് ഇനി നിയമസാധുതയില്ല : ഡൊണാള്‍ഡ് ട്രംപ്

trumpobama

മെക്‌സിക്കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന കുടിയേറ്റ നിയമത്തിന് ഇനി നിയമസാധുത ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ സര്‍ക്കാരിന്റെ കുടിയേറ്റ നിയമമായിരുന്ന ഡിഎസിഎ ഇല്ലാതായെന്നും ട്വീറ്റ് ചെയ്തു. കുട്ടിക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്ന നിയമം ആയിരുന്നു ഡിഎസിഎ.

സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതുവരെ കുടിയേറ്റം തടയാന്‍ മെക്‌സിക്കോ നടപടി സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കുടിയേറ്റക്കാരോടുള്ള സമീപനം കര്‍ശനമാക്കുമ്പോഴും മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്.

രേഖകളില്ലാതെ കുടിയേറുന്നവരെ തടയാന്‍ മെക്‌സിക്കോ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. യുവാക്കളായ കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറും രൂപീകരിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും മതിയായ അതിര്‍ത്തി നിയമങ്ങള്‍ വരണമെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.

മയക്കുമരുന്നും കുറ്റകൃത്യവും തടയരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ഡെമോക്രാറ്റുകള്‍ അതിര്‍ത്തി വേണ്ടെന്ന് പറയുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് കരാര്‍ വഴി മെക്‌സിക്കോ സമ്പാദ്യം ഉണ്ടാക്കുകയാണ്. അവര്‍ക്ക് ശക്തമായ അതിര്‍ത്തി നിയമങ്ങളുണ്ട് , അമേരിക്കയുടേത് ദുര്‍ബലമാണ്. പുതിയ കുടിയേറ്റ നിയമം വരുന്നത് വരെയെങ്കിലും കുടിയേറ്റക്കാരെ മെക്‌സിക്കോ തടയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിന്റെ ട്വീറ്റ് വകവെക്കാതെ യുഎസിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 1500 പേരാണ് എത്തിയത്. മധ്യ അമേരിക്കന്‍ രാജ്യങ്ങളായ ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ കൂടുതലും.

Top