Obama urges Britain to remain in EU

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകരുതെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. സൗദി പര്യടനത്തിന് ശേഷം ബ്രിട്ടനില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ ജൂണ്‍ 23ന് ജനഹിത പരിശോധന നടക്കാനിരിക്കെയാണ് ഒബായുടെ പ്രസ്താവന. വ്യാഴാഴ്ച ബ്രിട്ടനിലെത്തിയ ശേഷം ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബ്രിട്ടന്റെ മൂല്യങ്ങളും ജനാധിപത്യ ക്രമങ്ങളും പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന യൂറോപ്യന്‍ യൂണിയനില്‍ നിലകൊള്ളുന്നതില്‍ ബ്രിട്ടന്‍ അഭിമാനിക്കണം. സാമ്പത്തിക മാന്ദ്യം, തൊഴിലവസരങ്ങള്‍, സുരക്ഷ തുടങ്ങിയവയില്‍ മെച്ചപ്പെട്ട മാറ്റം കൊണ്ട് വരാന്‍ ബ്രിട്ടനും കൂടി ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയന് കഴിയും, ഒബാമ പറഞ്ഞു.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണമെന്ന് വാദിക്കുന്ന ലണ്ടന്‍ മേയര്‍ മോറിസ് ജോണ്‍സന്‍ ഇതിനെതിരെ രംഗത്ത് വന്നു.

അമേരിക്കയുടെ അയല്‍രാജ്യങ്ങളെ ഉള്‍പ്പെടുത്തി യൂണിയനുണ്ടാക്കാന്‍ ഒബാമ തയ്യാറാകുമോ എന്നാണ് അദ്ദേഹം ദ സണ്‍ പത്രത്തിന് നല്‍കിയ ലേഖനത്തില്‍ പ്രതികരിച്ചത്. ഭാര്യ മിഷേലിനൊപ്പം ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെ കണ്ട ഒബാമ അവരുടെ 90ാം ജന്‍മവാര്‍ഷികത്തിന് ആശംസ നേരുകയും ചെയ്തു.

Top