Obama tells Raul Castro: Cuban embargo is going to end

ഹവാന (ക്യൂബ): ക്യൂബക്കെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രേയും. ഹവാനയില്‍ ചരിത്രപ്രധാനമായ കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഉപരോധം അവസാനിക്കുമെന്നും അതിനുവേണ്ട നടപടികള്‍ തന്റെ ഭരണകൂടത്തിനും അപ്പുറത്തേക്ക് തുടരുമെന്നും ഒബാമ പറഞ്ഞു. ‘ഉപരോധത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ഞങ്ങളുടെയോ ക്യൂബന്‍ ജനതയുടെയോ താല്‍പര്യങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുകൊണ്ടുതന്നെ അത് അവസാനിക്കേണ്ടത് ആവശ്യമാണ്. പക്ഷേ, എന്നാണെന്ന കാര്യം പറയാനാകില്ല’ റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു.

ഉപരോധത്തിന്റെ കാര്യത്തില്‍ യു.എസ് നിരവധി ഭരണനടപടികളെടുത്തിട്ടുണ്ട്. ഉപരോധം നീക്കാന്‍ യു.എസ് കോണ്‍ഗ്രസിലും സെനറ്റിലും ഭൂരിപക്ഷം ആവശ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത്തരം സംഭാഷണങ്ങള്‍ ഇതിനുള്ള സാഹചര്യമൊരുക്കും. ക്യൂബയിലെ മനുഷ്യാവകാശപ്രശ്‌നങ്ങളുടെ കാര്യത്തില്‍ പുറത്തുള്ളവര്‍ക്ക് ആശങ്കയുണ്ടെന്നും ഇത് പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യൂബക്കെതിരായ വ്യാപാര ഉപരോധം നീക്കണമെന്ന് താന്‍ യു.എസ് കോണ്‍ഗ്രസിനോട് തുടര്‍ന്നും ആവശ്യപ്പെടുമെന്നും അതേസമയം, ക്യൂബയില്‍ വ്യവസായങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കണമെന്ന് റൗള്‍ കാസ്‌ട്രോയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഒബാമ വെളിപ്പെടുത്തി.

ഉപരോധം അവസാനിപ്പിക്കണമെന്നും യു.എസ് കൈവശം വച്ചിരിക്കുന്ന ഗ്വാണ്ടനാമോ തിരിച്ചുനല്‍കണമെന്നും ഒബാമയുമായുള്ള സംഭാഷണത്തില്‍ റൗള്‍ കാസ്‌ട്രോ ആവശ്യപ്പെട്ടു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ക്യൂബക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. ”മനുഷ്യാവകാശ പൗരാവകാശ നിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ 61 അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഇവയില്‍ എല്ലാം കൃത്യമായി പാലിക്കുന്ന ഒരു രാജ്യവുമുണ്ടാകില്ല. എന്നാല്‍, ക്യൂബ ഇവയില്‍ 40 എണ്ണത്തോളം പാലിക്കുന്നുണ്ട്”; റൗള്‍ കാസ്‌ട്രോ ചൂണ്ടിക്കാട്ടി.

Top