Obama rebuts anti-Muslim rhetoric in first US mosque visit

കാറ്റണ്‍സ്‌വില്ലെ: മുസ്ലീം വിരുദ്ധതയും മുസ്ലീങ്ങള്‍ക്കെതിരായ മുന്‍വിധിയും വിവേചനവും അമേരിക്കന്‍ സംസ്‌കാരത്തെ മുറിവേല്‍പ്പിയ്ക്കുന്നതായി പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കയിലെ ഒരു മുസ്ലീം പള്ളിയില്‍ ആദ്യമായി സന്ദര്‍ശനം നടത്തവേയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

ബാള്‍ട്ടിമോറിലെ മുസ്ലീം പള്ളിയാണ് ഒബാമ സന്ദര്‍ശിച്ചത്. ഇസ്ലാമിന് നേരായ ആക്രമണം എല്ലാ മതങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു, ഒരു മതവിശ്വാസത്തിന്റെ നേരെയുള്ള ആക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്ന് ഒബാമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബാള്‍ട്ടിമോറിലെ പള്ളിയ്ക്ക് നേരെ രണ്ട് തവണ ഭീഷണികള്‍ വന്നിരുന്നതായി ഒബാമ ചൂണ്ടിക്കാട്ടി. ഏതെങ്കിലുമൊരു മതവിഭാഗത്തെ ആക്രമിയ്ക്കാന്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ നമ്മളെല്ലാവരും അതിനെതിരെ പ്രതികരിയ്ക്കണമെന്നും ഒബാമ പറഞ്ഞു.

മുന്‍ പ്രസിഡന്റ് തോമസ് ജഫേഴ്‌സന്‍ മതങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുമ്പോള്‍ ഇസ്ലാം മതത്തെ പറ്റി പ്രത്യേകം പരാമര്‍ശിച്ചിരുന്നതായി ഒബാമ ചൂണ്ടിക്കാട്ടി. ജഫേഴ്‌സണ്‍ രഹസ്യമായി മുസ്ലീമാണെന്ന് പലരും പറഞ്ഞിരുന്നു. താനും അങ്ങനെയാണെന്നാണ് പലരും പറയുന്നത്. അപ്പോ ഞാന്‍ ആദ്യത്തെ ആളല്ല എന്ന് ഒബാമ പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് ചിരി ഉയര്‍ന്നു. മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിയ്ക്കുന്ന പൊതുബോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചു.

മുസ്ലീങ്ങളെ അധിക്ഷേപിച്ച് വംശീയ, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളായ ഡൊണാള്‍ഡ് ട്രമ്പ് അടക്കമുള്ള റിപ്പബ്ലിക്കന്‍ നേതാക്കളെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചു.

Top