ഒബാമ കൂടുതല്‍ നേരം ഉറങ്ങണമെന്ന് ഉപദേശിക്കും; മമത കുര്‍ത്ത അയച്ചു തരും: മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുമായി വ്യക്തിപരമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷത്തില്‍ മൂന്നും നാലും തവണ മമത തനിക്ക് കുര്‍ത്തയും പലഹാരങ്ങളുമൊക്കെ അയച്ചു തരാറുണ്ടെന്നും മമതയുമായി താന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്നും മോദി പറഞ്ഞു ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറിനൊപ്പമുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഗുലാം നബി ആസാദുമായും നല്ല ബന്ധമാണുള്ളത്. മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയയ്ക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ല’- മോദി പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായുള്ള അടുപ്പത്തെക്കുറിച്ചും മോദി സംസാരിച്ചു. ഒബാമയെ കണ്ടു മുട്ടിയപ്പോഴൊക്കെ ആദ്യമുണ്ടായ സംഭാഷണം തന്റെ ഉറക്കത്തെക്കുറിച്ചായിരുന്നു എന്ന്‌ മോദി പറഞ്ഞു. ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രം ഉറങ്ങുന്ന തന്റെ ശീലം അദ്ദേഹത്തില്‍ അത്ഭുതമുണ്ടാക്കിയതായും മോദി അനുസ്മരിച്ചു. എപ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ ഒബാമ ഇക്കാര്യം ചോദിക്കും. മാത്രമല്ല, കൂടുതല്‍ സമയം ഉറങ്ങണമെന്ന അദ്ദേഹത്തിന്റെ ഉപദേശം നടപ്പാക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്യും. എന്നാല്‍ ദിവസം 3-4 മണിക്കൂറില്‍ കൂടുതല്‍ ഉറക്കം തന്റെ ശരീരത്തിന് ആവശ്യമില്ല മോദി അഭിമുഖത്തില്‍ പറയുന്നു.

തന്റെ കുടുംബാംഗങ്ങളുമൊത്ത് വളരെക്കുറച്ച് സമയം മാത്രമേ ജീവിതത്തില്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും മോദി അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമുള്ള ജീവിതം വളരെ ചെറുപ്പത്തില്‍ത്തന്നെ തനിക്ക് നഷ്ടപ്പെട്ടു. തനിക്കൊപ്പം ചെലവഴിച്ച് സമയം നഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് അമ്മ ചോദിക്കാറുണ്ടെന്നും മോദി പറയുന്നു.

ഒരു പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. തന്റേതുപോലുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്നവര്‍ക്ക് അത്തരം സ്വപ്നങ്ങള്‍ അസാധ്യമായിരുന്നു. എം എല്‍ എ ആയതിനു ശേഷമാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
1962 ലെ യുദ്ധത്തിനായി മെഹ്‌സാന സ്റ്റേഷനില്‍നിന്ന് പട്ടാളക്കാര്‍ തീവണ്ടിയില്‍ കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ പട്ടാളക്കാരുടെ ത്യാഗം തനിക്ക് വലിയ പ്രചോദനമാണ് നല്‍കിയതെന്നും ഒരു പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മോദി പറയുന്നു.

പ്രതിപക്ഷ നേതാക്കന്മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനു മികച്ച ബന്ധമാണു പങ്കുവയ്ക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഒരിക്കല്‍ പാര്‍ലമെന്റില്‍ വച്ച് ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. അന്നു അദ്ഭുതസ്തബ്ധരായ പലരും ഈ സഹവര്‍ത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നല്‍കുകയും ചെയ്തു. ‘നിങ്ങള്‍ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്’ -മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചായിരുന്നു അഭിമുഖം.

Top