സജി ചെറിയാന്റെ സത്യപ്രതിജ്ഞ; എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്ന് ഗവ‍ർണർ

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണര്‍. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വന്നത്. തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ല. സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

ഭരണഘടനയെ വിമര്‍ശിച്ച കേസിൽ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുൻപാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതൽ വ്യക്തത തേടാം.

Top