നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനത്തെ മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ഒ.രാജഗോപാലിന് പകരക്കാരനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍. കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്ക് എടുത്തിരിക്കുകയാണ് പാര്‍ട്ടി. മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം കുമ്മനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ആര്‍.എസ്.എസ്സാണ് കുമ്മനത്തിനെ നിയമസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഒ. രാജഗോപാലിന്റെ പ്രായാധിക്യം പരിഗണിച്ച് പുതിയ ആളെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെയാണ് രാജഗോപാല്‍ നിയമസഭയിലെക്കെത്തിയത്. സിപിഎമ്മിലെ വി. ശിവന്‍കുട്ടിയെ ആണ് രാജഗോപാല്‍ പരാജയപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്ത് 10 സീറ്റുകളില്‍ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞതവണ കുമ്മനം മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് തന്നെ ബിജെപി ഏറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍കാവ്. ഇവിടെ കഴിഞ്ഞ തവണ ശക്തമായ മത്സരമാണ് ബിജെപി നടത്തിയത്. കുമ്മനം ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വട്ടിയൂര്‍കാവിലെ ഈ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്.

Top