പ്രതിപക്ഷ പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാല്‍

തിരുവനന്തപുരം: ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം എം ഉമ്മര്‍ എംഎല്‍എ അവതരിപ്പിക്കുന്നു. സ്പീക്കര്‍ക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാല്‍ സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ചു.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മര്‍ എംഎല്‍എ പറഞ്ഞു. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് എംഎല്‍എ പറഞ്ഞു. അതിനിടെ തന്റെ വാദത്തെ എം ഉമ്മര്‍ കളിയാക്കിയതിനെ മന്ത്രി ജി സുധാകരന്‍ എതിര്‍ത്തു. തലയില്‍ കയറാന്‍ വരണ്ട എന്ന് എംഎല്‍എ മറുപടി പറഞ്ഞത് സഭയില്‍ ബഹളത്തിന് കാരണമായി.

നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്ന് ഉമ്മര്‍ ആരോപിച്ചു. അത് നിയമസഭയില്‍ കയറാനുള്ള പാസെടുക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ. സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്പീക്കര്‍ തടയാന്‍ ശ്രമിച്ചു. നിയമസഭ തീര്‍ന്നാല്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രമേയം വ്യക്തിപരമോ രാഷ്ട്രീയ പ്രേരിതമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Top