ഐ.ടി.സിയും ,വിപ്രോയും ,കാഡിലയും കോംപ്ലാനെ ഏറ്റെടുക്കാന്‍ രംഗത്ത്

മുംബൈ: ഇന്ത്യന്‍ വിപണി കീഴടക്കിയ ന്യൂട്രീഷനല്‍ ഹെല്‍ത്ത് ഡ്രിങ്ക് ബ്രാന്‍ഡായ കോംപ്ലാനെ വില്‍ക്കാനൊരുങ്ങുകയാണ് ക്രാഫ്റ്റ് ഹെയിന്‍സ് ഇന്ത്യ. വിപണിയിലെ തങ്ങളുടെ പ്രധാന എതിരാളികളായ ഹോര്‍ലിക്‌സ് ബ്രാന്‍ഡ് വില്‍ക്കാന്‍ ഗ്ലാക്‌സോസ്മിത്ത്‌ക്ലെന്‍ ശ്രമം തുടങ്ങിയതിന്റെ പിന്നാലെയാണ് ക്രാഫ്റ്റ് ഹെയിന്‍സും വില്‍പ്പനാ നീക്കം സജീവമാക്കിയത്. ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കോംപ്ലാന്‍ ഏറ്റെടുക്കുന്നതിന് പ്രധാനമായും ഐ.ടി.സി ലിമിറ്റഡ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ലിമിറ്റഡ്, കാഡില ഹെല്‍ത്ത് കെയര്‍ എന്നീ മൂന്ന് കമ്പനികളാണ് രംഗത്തുള്ളത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരായ ജെപി മോര്‍ഗനും, ലസാര്‍ഡ് എന്നിവരാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. സെപ്തംബര്‍ 15ന് മുന്‍പാകെ കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിക്കുമെന്നും, 700-800 മില്ല്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കുള്ള താത്പര്യപത്രമായിരിക്കും സമര്‍പ്പിക്കുകയെന്നും വിലയിരുത്തപ്പെടുന്നു. ഈ മൂന്നു കമ്പനികളും അബോട്ട്, ഇമാമി എന്നീ കമ്പനികളും സ്വകാര്യ ഇക്വറ്റി ഫണ്ട് സ്ഥാപനങ്ങളായ കാര്‍ലയില്‍, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയും ക്രാഫ്റ്റ് ഹെയിന്‍സുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. 5,500 കോടി രൂപയുടെ മൂല്യമുള്ള ഇന്ത്യയില്‍ പോഷക പാനീയ വിപണിയില്‍ കോംപ്ലാനിന് എട്ട് ശതമാനം വിപണി വിഹിതമുണ്ട്.

ക്രാഫ്റ്റ് ഫുഡ്, ഹെയിന്‍സ് എന്നീ കമ്പനികള്‍ ലയിച്ചാണ് 2015ല്‍ ക്രാഫ്റ്റ് ഹെയിന്‍സ് രൂപീകരിച്ചത്. ആഗോളതലത്തില്‍ ഫുഡ് ആന്‍ഡ് ബിവറേജ് വിപണിയില്‍ അഞ്ചാം സ്ഥാനത്താണ് ക്രാഫ്റ്റ് ഹെയിന്‍സ്. വാന്‍ഡര്‍ എജിയുടെ ഒവല്‍റ്റൈന്‍, കാഡില്ലയുടെ ആക്ടിലൈഫ് എന്നീ കമ്പനികള്‍ നിലവിലുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു.

Top