ന്യൂസിലന്‍ഡിലെ വെടിവെയ്പ് ; കാണാതായവരില്‍ മലയാളി യുവതിയുമെന്ന് റിപ്പോര്‍ട്ട്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവയ്പ്പില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളി യുവതിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായിരിക്കുന്നത്. റെഡ്ക്രോസ് തയ്യാറാക്കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്‍പ്പെട്ടിരിക്കുന്നത്.

അക്രമണ സമയത്ത് അന്‍സി ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് വ്യക്തമാക്കുന്നു.

ഇത് കൂടാതെ വെടിവെപ്പില്‍ ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാര എന്നയാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ എട്ട് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റ് ആറുപേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ക്ക് വെടിയേറ്റതായി സംശയവും അവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Top