ചെങ്ങന്നൂരില്‍ നഴ്‌സുമാരുടെ കുടുംബങ്ങള്‍ തീരുമാനിക്കും ആര് വിജയിക്കണമെന്ന് . .

Nurses strike

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുക നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍.

ചെങ്ങന്നുരിലും പരിസര പ്രദേശങ്ങളിലും വിദേശത്തും ജോലി ചെയ്യുന്ന നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കൂടി ചേര്‍ന്നാല്‍ ഏകദേശം 20,000 ത്തോളം വോട്ടുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

അതായത് ഒരു വോട്ടിന് പോലും മൂല്യം കൂടുതലുള്ള ഉപതിരഞ്ഞെടുപ്പില്‍ സംഘടിത നഴ്‌സിങ്ങ് സമൂഹം എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും എന്ന് ഉറപ്പ്.

ചേര്‍ത്തല കെ.വി.എം ആശുപത്രി സമരം ഒത്ത് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് നഴ്‌സുമാരെ വൈകാരികമായി ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇവിടെ നിന്നും മതിയായ ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ഒരാള്‍ മരിച്ചു എന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായില്ലന്ന വികാരം നാട്ടുകാര്‍ക്കിടയിലും ശക്തമാണ്.

227 ദിവസമായി നീതി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാരെ തിരികെ എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ആശുപത്രി മാനേജ് മെന്റ് കടുത്ത നിലപാട് തുടരുകയാണെങ്കില്‍ അവശ്യ സര്‍വീസായി പരിഗണിച്ച് ആശുപത്രി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്.

അടുത്തയിടെ നടന്ന മരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മരണപ്പെട്ടയാളുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ടാല്‍ കെ.വി.എം സമരത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ) നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

nurse strike

ആലപ്പുഴ ജില്ലയിലെ ചില ‘പ്രമുഖര്‍’ ആശുപത്രി മാനേജുമെന്റിനെ സഹായിക്കുന്നത് കൊണ്ടാണ് പ്രശ്‌ന പരിഹാരമാകാത്തത് എന്നാണ് അവരുടെ വാദം. മുഖ്യമന്ത്രി നേരിട്ട് ശക്തമായി ഇടപെടണമെന്നതാണ് യു.എന്‍.എയുടെ പ്രധാന ആവശ്യം.

കെ.വി.എമ്മിലെ നഴ്‌സുമാരുടെ രോദനം ചെങ്ങന്നൂരില്‍ ഉയര്‍ത്താന്‍ 5000 നഴ്‌സുമാരെ സംഘടിപ്പിച്ച് വിപുലമായ കണ്‍വന്‍ഷനും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പതിനായിരങ്ങളെ തെരുവിലിറക്കി ചേര്‍ത്തലയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തുന്നതും സംഘടന പരിഗണിക്കുന്നുണ്ട്.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല തങ്ങളുടെ പ്രതിഷേധമെന്നും നഴ്‌സുമാരുടെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെന്നുമാണ് യു.എന്‍.എ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.

ഇതിനിടെ കെ.വി.എം സമരം കത്തി നില്‍ക്കെ തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്ന നിലപട് സ്‌റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയില്‍ സ്വീകരിച്ചത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി മാറിയിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ നഴ്‌സിങ്ങ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന മിനിമം വേജ് ബോര്‍ഡ് തീരുമാനം അട്ടിമറിക്കുന്ന നിലപാടാണ് സ്‌റ്റേറ്റ് അറ്റോര്‍ണി ശബള പരിഷ്‌ക്കരണം തടയണമെന്ന മാനേജ്‌മെന്റുകളുടെ ഹര്‍ജിയിന്‍മേല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് അവര്‍ക്ക് സ്റ്റേ ലഭിച്ചിരുന്നത്.

ഈ നിലപാടില്‍ പ്രതിഷേധിച്ചും ശമ്പളപരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഏപ്രില്‍ 21ന് നഴ്‌സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ആശുപത്രി ജീവനക്കാരെയും കുടുംബങ്ങളെയും അണിനിരത്തി ലക്ഷം പേരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് യു.എന്‍.എ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം 15 മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തും.

nurses

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ നഴ്‌സിങ്ങ് സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നത് ഭരണപക്ഷത്തെ സംബന്ധിച്ച് വലിയ തലവേദനയാണ്.

അതേസമയം സര്‍ക്കാര്‍ നിലപാടിനെ ശക്തമായി എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിക്കാന്‍ യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണനെ ‘നിര്‍ത്തിപ്പൊരിക്കുകയാണ്’.

സ്‌റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിക്ക് ഉണ്ടെന്നാണ് സംഘടനാ നേതൃത്വത്തിന് ലഭിച്ച വിവരമെന്നാണ് സൂചന.

ഏപ്രില്‍ 20ന് മുന്‍പ് വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അഭ്യൂഹമുണ്ട്. അങ്ങനെ വന്നാല്‍ പിന്നെ സര്‍ക്കാറിന് മുന്നിലുള്ള ഏക വെല്ലുവിളി ചേര്‍ത്തല കെ.വി.എം സമരമായിരിക്കും.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ചെങ്ങന്നൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും.

മാണിയുടെയും ബി.ഡി.ജെ.എസിന്റെയും പിന്നാലെ പോവുന്ന സമയം കൊണ്ട് നഴ്‌സിങ് സമൂഹത്തെ കയ്യിലെടുക്കാന്‍ നോക്കുന്നതാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Top