പിന്തുണ സഹായിക്കുന്നവര്‍ക്ക്; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുഎന്‍എ

nurse

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യുഎന്‍എയുടെ മുന്നറിയിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്നും സഹായിച്ചില്ലെങ്കില്‍ വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്നും യു.എന്‍.എ നേതൃത്വം അറിയിച്ചു.

ആലപ്പുഴ ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം എട്ടുമാസം പിന്നിട്ട സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവച്ച് വിലപേശാനാണ് യു.എന്‍ .എയുടെ തീരുമാനം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ യു.എന്‍.എയ്ക്കുള്ള രണ്ടായിരത്തോളം അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടാണ് യു.എന്‍.എയുടെ ഇപ്പോഴത്തെ ആയുധം. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍.

സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെ ഒരു മുന്നണിയും ഇടപെട്ടിട്ടില്ലെന്നാണ് സംഘടന പറയുന്നത്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കാനാണ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ മുന്നണികള്‍ക്ക് ഒരു അവസരംകൂടി നല്‍കുകയാണെന്നും യു.എന്‍ .എ നേതൃത്വം വ്യക്തമാക്കി. ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന് സംഘടിപ്പിച്ച റാലിയില്‍ അഞ്ഞൂറിലധികം നഴ്സുമാര്‍ പങ്കെടുത്തിരുന്നു.

Top