സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ കൂട്ട അവധി സമരം പിന്‍വലിച്ചു

nursesstrike

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ട് ഉറപ്പുകള്‍ നല്‍കിയ സാഹചര്യത്തില്‍ നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്‍മാറിയതായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) നേതൃത്വം അറിയിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ ആഴ്ചതന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് അനിശ്ചിതകാല സമരം നടത്താന്‍ യുഎന്‍എ തീരുമാനിച്ചിരുന്നു. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

സമരം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആശുപത്രികളിലെ മുഴുവന്‍ നഴ്‌സുമാരും കൂട്ട അവധിയെടുത്ത് പണിമുടക്ക് നടത്തുന്നതെന്ന് യുഎന്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം അഞ്ചിന് വിധിക്കെതിരെ ഹൈക്കോടതിയില്‍ സംഘടന കക്ഷി ചേരാനും തീരുമാനിച്ചിരുന്നു.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 20000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരില്‍ സ്വകാര്യആശുപത്രി മാനേജ്മെന്റുകള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ അടിസ്ഥാന ശമ്പളമായി നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്നും യുഎന്‍എ അറിയിച്ചിരുന്നു.

Top