നഴ്‌സുമാരുടെ സമരം; മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല

Ramesh-Chennithala

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന് പ്രഖ്യാപിച്ചപ്പോള്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളും ഉറച്ചു. ഇതോടെ സംസ്ഥാനത്ത് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഇരു വിഭാഗങ്ങളോടും ചര്‍ച്ച നടത്തമമെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു.

സാധാരണ കേരളത്തില്‍ ജനകീയ സമരങ്ങള്‍ക്കു നേരെ എസ്മ (അവശ്യസേവന നിയമം) പ്രയോഗിക്കാറില്ല. എസ്മ പ്രയോഗിക്കുന്നത് കടുത്ത നടപടിയാണ്. അത് ഒഴിവാക്കണം.

മുമ്പ് താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തൃപ്പൂണിത്തുറയിലെ ഐ.ഒ.സി പ്ലാന്റില്‍ സമരമുണ്ടായപ്പോള്‍ എസ്മ പ്രയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായെങ്കിലും ചെയ്തില്ല.

നഴ്‌സുമാരുടെ സമരത്തിലും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. അതിന് നഴ്‌സുമാരുടെ പ്രതിനിധികളുമായും ആശുപത്രികളുടെ മാനേജ്‌മെന്റ് പ്രതിനിധികളുമായും മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പണിമുടക്ക് നിര്‍ത്തി നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയും പറഞ്ഞിരുന്നു. ‘എസ്മ’ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ ആലോചിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ‘എസ്മ’ പ്രയോഗിച്ചതു കൊണ്ടൊന്നും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിക്കില്ലന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അറിയിച്ചു.

20,000 രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് ഒരു മാറ്റവുമില്ലെന്നും നഴ്മാരുടെ സംഘടന ആവര്‍ത്തിച്ചു.

Top