നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പിന്‍വിലിച്ചു; ലോങ് മാര്‍ച്ച് ഉപേക്ഷിച്ചു

nurse

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. അതോടൊപ്പം ചേര്‍ത്തലയില്‍ നിന്ന് തിരവനന്തപുരം വരെ നടത്തിരുന്ന ലോങ് മാര്‍ച്ചും സംഘടന ഉപേക്ഷിച്ചു.

പുതുക്കിയ ശമ്പള പരിഷ്‌ക്കരണ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. അടുത്ത ദിവസം മുതല്‍ എല്ലാവരും ഡ്യൂട്ടിയില്‍ കയറുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി വൈകി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

‘യുഎന്‍എയുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയും അതിന്റെ പകര്‍പ്പ് സംഘടനയ്ക്കു ലഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന നേട്ടം കൈവരിക്കാന്‍ യുഎന്‍എ നടത്തിയ സമര പോരാട്ടത്തിലൂടെ സംഘടനയ്ക്കായി.

തുടക്കക്കാര്‍ക്കു വിവിധ കാറ്റഗറിയിലായി 20,000 – 30,000 രൂപ വരെയുണ്ടെങ്കിലും സര്‍ക്കാര്‍ ഇറക്കിയ ഡ്രാഫ്റ്റ് പ്രകാരമുള്ള ശമ്പള സ്‌കെയിലില്‍ നിന്നും വ്യത്യസ്തമായി അലവന്‍സുകളില്‍ വലിയ മാറ്റം നോട്ടിഫിക്കേഷനില്‍ ഉണ്ട്. അത് നേടിയെടുക്കാനുള്ള നിയമ-സംഘടനാ പോരാട്ടങ്ങള്‍ തുടരും. 244 ദിവസമായി തുടരുന്ന കെവിഎം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനു വേണ്ടിയുളള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തും’ യുഎന്‍എ ഭാരവാഹികള്‍ വ്യക്തമാക്കി.

നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവ് കുറവാണെന്നും വിജ്ഞാപനം നഴ്‌സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടറാണ് പുറപ്പെടുവിച്ചത്.

Top