സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് ; ചര്‍ച്ച ശനിയാഴ്ച

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 457 ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കും. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് ആറ് മുതലാണ് നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. സമരം പ്രഖ്യാപിച്ച നഴ്‌സുമാരുമായി സര്‍ക്കാര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും

2016 ഫെബ്രുവരി 10ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ ഭൂരിഭാഗം ആശുപത്രികളും തയ്യാറായില്ല. എന്നാൽ ഇതിനെതിരെ സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ ഹൈക്കോടതിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും നഴ്‌സുമാരുടെ സംഘടനയായ യു.എൻ.എ അറിയിച്ചു. ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങിയെന്ന് സംശയിക്കണമെന്നും യുഎന്‍എ വ്യക്തമാക്കി.

നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്മന്റെുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്മന്റെുകള്‍ ഹര്‍ജി നല്‍കിയത്. സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Top