ശമ്പളം അംഗീകരിക്കുന്നില്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയെ സമീപിക്കാം; ആരോഗ്യമന്ത്രി

K.K-SHYLAJA

കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് അംഗീകരിക്കുന്നില്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.

സര്‍ക്കാരിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പൂട്ടിയിട്ട് മുന്നോട്ടുപോകാന്‍ കഴിയില്ല. പനി പടരുന്ന സാഹചര്യത്തില്‍ രോഗികളുടെ കാര്യം കൂടി നഴ്‌സുമാര്‍ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 17,200 രൂപയാക്കി ഉയര്‍ത്താന്‍ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നഴ്‌സിംഗ് അലവന്‍സ്, അഡീഷണല്‍ അലവന്‍സ് എിവയുള്‍പ്പെടെ 20,806 രൂപയാണ് പുതുക്കിയ ശമ്പളം അനുസരിച്ച് നഴ്‌സുമാര്‍ക്കു ലഭിക്കുക.

നഴ്‌സിംഗ് അസോസിയേഷനുകളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ മിനിമം വേജസ് കമ്മറ്റി നടത്തിയ ചര്‍ച്ചയിലാണു തീരുമാനമുണ്ടായത്.

അതേസമയം, മതിയായ ശമ്പള വര്‍ധനയില്ലാത്തതിനാലും ട്രെയിനി നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാലും നഴ്‌സുമാരുടെ സമരം തുടരുകയാണ്. ഇന്ന് ആയിരക്കണക്കിന് നഴ്‌സുമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദം വഞ്ചനാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

മിനിമം വേതനത്തിന്റെ കാര്യത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തിങ്കളാഴ്ച തീരുമാനമെടുത്തില്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

Top