നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ; സര്‍ക്കാര്‍ പരിഷ്‌കരിച്ച വിജ്ഞാപനം പുറത്തിറക്കി

nurse strike

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കി. ഇതു പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി. ജനറല്‍, ബിഎസ് സി നഴ്‌സുമാര്‍ക്ക് ഇത് ബാധകമാണ്. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും.

ഡിഎ, ഇന്‍ക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, വിജ്ഞാപനം പരിശോധിച്ചശേഷം ചൊവ്വാഴ്ചത്തെ പണിമുടക്കു പിന്‍വലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ, നഴ്‌സുമാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ഉപദേശക സമിതി റിപ്പോര്‍ട്ടില്‍ സംസ്ഥാന നിയമസെക്രട്ടറി എതിര്‍പ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് വേതന വര്‍ധനവ് നടപ്പാക്കണമെന്നും അലവന്‍സ് നിരക്കുകള്‍ കുറയ്ക്കരുതെന്നുമാണ് നിയമ സെക്രട്ടറിയുടെ നിലപാട്. ഈ നിലപാട് തള്ളിയാണ് ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയത്. അലവന്‍സ് നിരക്കുകള്‍ കുറയ്ക്കണമെന്നായിരുന്നു ഉപദേശക സമിതി നല്‍കിയ ശിപാര്‍ശ.

ശമ്പള പരിഷ്‌കരണം തീരുമാനിക്കാന്‍ നിയോഗിച്ച ഉപദേശക സമിതി റിപ്പോര്‍ട്ട് പ്രകാരം നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.

പിന്നീട് ഹൈക്കോടതി തന്നെ സ്റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിനു നല്‍കി. ഇതിനു പിന്നാലെ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നീളുകയായിരുന്നു.

Top