നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം: അന്തിമവിജ്ഞാപനത്തില്‍ നിയമോപദേശം തേടി

nursesstrike

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമവിജ്ഞാപനത്തില്‍ നിയമോപദേശം തേടി. വിജ്ഞാപനത്തിന്റെ നിയമസാധുത പരിശോധിക്കും. നിയമവകുപ്പ് ഉടന്‍ മറുപടി നല്‍കും. വിജ്ഞാപനം ഇന്നുതന്നെ ഉണ്ടാകാനാണ് സാധ്യത.

നഴ്‌സുമാരുടെ അനിശ്ചിതകാലസമരം നാളെ ആരംഭിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്.

മിനിമം വേതനം 20,000 രൂപയായി നിലനിര്‍ത്താനാണ് സാധ്യത. ഇനി ധാരണയാകാനുള്ളത് അലവന്‍സുകളുടെ കാര്യത്തിലാണ്. കരട് വിജ്ഞാപനത്തിലേത് നിലനിര്‍ത്തണോ കുറക്കണോ എന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

അതേസമയം അന്തിമവിജ്ഞാപനം വന്നശേഷം മാത്രമെ സമരം പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് യുഎന്‍എ അറിയിച്ചു. കരട് വിജ്ഞാപനത്തിലെ അലവന്‍സ് നിരക്ക് കുറച്ചാല്‍ അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ അത്യാഹിത വിഭാഗങ്ങളുള്‍പ്പെടെ സ്തംഭിപ്പിച്ചുകൊണ്ട് നാളെ മുതല്‍ പണിമുടക്കും ലോങ് മാര്‍ച്ചും സംഘടിപ്പിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചിരുന്നു.

Top