യുകെയിലെ ആശുപത്രിയില്‍ ഏഴ് നവജാതശിശുക്കളെ കൊന്ന സംഭവത്തില്‍ നഴ്‌സ് കുറ്റക്കാരി

ലണ്ടന്‍: യുകെയിലെ ആശുപത്രിയില്‍ ഏഴ് നവജാതശിശുക്കളെ കൊല്ലുകയും ആറ് കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ നഴ്‌സ് കുറ്റക്കാരിയെന്ന് കണ്ടെത്തി. മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് നഴ്‌സ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ചെസ്റ്റര്‍ ഹോസ്പ്പിറ്റലിലെ നഴ്‌സ് ലൂസി ലറ്റ്ബിയാണ് പ്രതി. ഞരമ്പുകളില്‍ വായുവും ഇന്‍സുലിനും കുത്തിവച്ചും അമിതമായ അളവില്‍ പാല്‍ നല്‍കിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്.

2015നും 2016നും ഇടയില്‍ കൗന്‍ടെസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലാണ് കൊലപാതം നടന്നത്. ലൂസി 13 കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു. ആറുപേര്‍ രക്ഷപ്പെട്ടു. കുറ്റക്കാരിയാണെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും എഴുതിയ നിരവധി കുറിപ്പുകള്‍ ലൂസിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഞാന്‍ അവരെ മനപ്പൂര്‍വ്വം കൊന്നു. കാരണം അവരെ പരിപാലിക്കാന്‍ ഞാന്‍ യോഗ്യയല്ല. ഞാന്‍ ദുഷ്ടയാണ്. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. നിങ്ങള്‍ ഇവിടെ ഇല്ല. അതില്‍ ഞാന്‍ ഖേദിക്കുന്നു എന്ന് പോലീസ് കണ്ടെടുത്ത കുറിപ്പുകളില്‍ എഴുതിയിരുന്നു.

നഴ്‌സ് കുറ്റക്കാരിയാണെന്ന സംശയം ഉന്നയിച്ചവരില്‍ ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ രവി ജയറാമും ഉള്‍പ്പെടുന്നു.2015 ജൂണില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചതിന് ശേഷമാണ് ആദ്യമായി സംശയം തോന്നിയതെന്ന് രവി ജയറാം പറയുന്നു. ഹോസ്പിറ്റലിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പലതവണ മീറ്റിങുകള്‍ നടത്തി ആശങ്ക അറിയിച്ചതാണ്. എന്നാല്‍ 2017ലാണ് പൊലീസിനെ സമീപിക്കാന്‍ കഴിയുന്നത്. അങ്ങനെയാണ് ലൂസിക്കെതിരെയുള്ള അന്വേഷണം ആരംഭിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

Top