അടുത്ത വര്‍ഷം മുതൽ ഡ്രൈവറില്ലാ വാഹനങ്ങളില്‍ ഡെലിവറി സര്‍വീസ്; അനുമതി നല്‍കി കാലിഫോര്‍ണിയ

റോബോടിക്‌സ് സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനമായ ന്യൂറോയുടെ ഡ്രൈവറില്ലാ വാഹനങ്ങളില്‍ ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ കാലിഫോര്‍ണിയ അനുമതി നല്‍കി. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ സേവനം ആരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലില്‍ ന്യൂറോയുടെ ആര്‍2 വാഹനങ്ങള്‍ കാലിഫോര്‍ണിയയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇപ്പോൾ സേവനത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ കമ്പനിയ്ക്ക് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാകും. ന്യൂറോയുടെ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 56 കിലോമീറ്റര്‍ ആയിരിക്കും. മെച്ചപ്പെട്ട കാലാവസ്ഥില്‍ മാത്രമേ ഈ വാഹനങ്ങള്‍ക്ക് സേവനം നടത്താന്‍ അനുമതിയുള്ളൂ.

മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍മാരായ രണ്ട് പേരാണ് ന്യൂറോയ്ക്ക് തുടക്കമിട്ടത്. ജാപ്പനീസ് സ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ സാമ്പത്തിക പിന്തുണ ന്യൂറോയ്ക്കുണ്ട്. ഡ്രൈവറുടേയോ യാത്രക്കാരുടേയോ സാന്നിധ്യമില്ലാതെ പ്രവര്‍ത്തിക്കാനാവും വിധമാണ് ആര്‍2 വാഹനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. റഡാര്‍, തെര്‍മല്‍ ഇമേജിങ്, 360 ഡിഗ്രി ക്യാമറകള്‍ എന്നിവ ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരു കാറിനേക്കാളും ചെറിയ രൂപമാണ് ഈ വാഹനത്തിന്. വാതിലുകള്‍ മുകളിലേക്ക് തുറക്കുന്ന രീതിയിലാണുള്ളത്. ഉപയോക്താക്കള്‍ അവരുടെ കോഡ് നല്‍കിയാല്‍ ഈ വാതിലുകള്‍ തുറക്കുകയും ഉല്‍പ്പന്നം നല്‍കുകയും ചെയ്യും.

Top