പ്രവാചക നിന്ദ: നുപുർ ശർമ്മക്ക് നേരെ ഭീഷണി, കേസ് എടുത്ത് ഡൽഹി പൊലീസ്

ഡൽഹി: പ്രവാചക നിന്ദ പരാമർശ വിവാദത്തിൽ ബിജെപി നേതാവ് നുപൂർ ശർമ്മയ്ക്കെതിരെയുണ്ടായ ഭീഷണിയിൽ ദില്ലി പൊലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപുർ ശർമ്മ പറഞ്ഞിരുന്നു.

‘എൻറെ മേൽവിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. എൻറെ കുടുംബത്തിന് നേരെ ഭീഷണിയുണ്ട്’. ഇന്നലെ വൈകിട്ട് മുപുർ ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദില്ലി പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് പരാമർശം നടത്തിയതിന് ബിജെപി വക്താവായ നുപുർ ശർമ്മയെ പാർട്ടി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ അറബ് രാഷ്ട്രങ്ങളിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും, കുവൈറ്റും പ്രതിഷേധമറിയിച്ചു.ഒമാൻ ഗ്രാൻറ് മുഫ്ത്തിയും പ്രസ്ചാവനകളെ ശക്തമായി അപലപിച്ചു. വക്താക്കളുടേത് സർക്കാർ നിലപാടല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ നുപുർ ശർമ്മയേയും,നവീൻ കുമാർ ജിൻഡാലിനെയും ബിജെപി പുറത്താക്കുകയായിരുന്നു.

ബിജെപി വക്താക്കളായ നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവർ നടത്തിയ നബി വിരുദ്ധ പ്രസ്താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ സന്ദർശനത്തിന് മുന്നോടിയായി ഖത്തറിലെ സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുത്തു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക വക്താക്കളുടെ നിലപാട് ഇതാണെങ്കിൽ ഉപരാഷ്ട്രപതിയെ ബഹിഷക്കരിക്കണമെന്ന ആഹ്വാനം പോലുമുയർന്നതായി റിപ്പോർ‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തർ പ്രസ്താവനകളിൽ കടുത്ത അതൃപ്തിയും നിരാശയുമറിയിച്ചു. കുവൈറ്റും സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.ഒമാൻ ഗ്രാൻറ് മുഫ്തിയും നിലപാട് കടുപ്പിച്ചു. സർക്കാർ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സാമൂഹിക വിരുദ്ധരാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്ന് പറഞ്ഞു. തുടർന്ന് ദേശീയ വക്താവ് നുപുർ ശർമ്മയെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത ബിജെപി, നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. ആരുടെയും മത വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും നടപടി നേരിട്ട നേതാക്കൾ പ്രതികരിച്ചു. ഉഭയകക്ഷി ബന്ധത്തെ പോലും ബാധിക്കുമെന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നത് സർക്കാരിനുണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. ഇരുവർക്കുമെതിരായ നിയമ നടപടികളിലെ തുടർനീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമാകും.

Top