കന്യാസ്ത്രീകളുടെ സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിര്‍ദേശം

Nuns protest

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിര്‍ദേശം. സമരം വിലക്കുന്ന സംബന്ധിച്ച സര്‍ക്കുലര്‍ സുപ്പീരിയര്‍ ജനറല്‍ പുറത്തിറക്കി. അനുകൂല പ്രതികരണങ്ങള്‍ പാടില്ലന്നും ധര്‍ണകളുമായി സഹകരിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം കന്യാസ്ത്രീകളുടെ സമരം കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് വ്യാപിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തില്‍ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തില്‍ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ഇന്ന് നിരവധി പേരെത്തും.

സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആവശ്യവുമായി ആലുവ കര്‍മ്മലീത്ത മഠം രംഗത്തെത്തി. ഇത് സംബന്ധിച്ച് മഠത്തിന് മദര്‍ സുപ്പീരിയര്‍ കത്തയച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.

Top