ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീയുടെ കുടുംബം നീതി തേടി ഇന്ന് ഹൈക്കോടതിയിലേക്ക്

kerala-high-court

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയുടെ കുടുംബം നീതി തേടി ഇന്ന് ഹൈക്കോടതിയിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോടതിയെ സമീപിക്കുന്നത്. കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് കുടുബത്തിന്റെ ആരോപണം.

ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്.

കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് ചെയ്‌തെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നിയമം എല്ലാത്തിനും മീതെയാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

Top