കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കും

Jalandhar bishop Franco Mulakkal,

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടി.

കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പാല മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.

കഴിഞ്ഞ ദിവസം,കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തുറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞിരുന്നു.

Top