അഞ്ചാം തിയതിയ്ക്കകം ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കലിന് നിര്‍ദേശം

Jalandhar Bishop Franco Mulakkal

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികചൂഷണം ചെയ്‌തെന്ന കേസില്‍ പ്രതിപ്പട്ടികയിലുള്ള ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് വീണ്ടും പൊലീസ് നോട്ടീസ് അയച്ചു. കന്യാസ്ത്രീക്കെതിരായ അന്വേഷണ ഉത്തരവ് തയ്യാറാക്കിയ ലാപ്‌ടോപ്പ് ഹാജരാക്കണമെന്നാണ് നോട്ടീസിലുള്ള ആവശ്യം.

പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ലാപ്‌ടോപ്പ് ഹാജരാക്കിയിരുന്നില്ല. തുടര്‍ന്ന് അഞ്ചാം തിയതിയ്ക്കകം ലാപ്‌ടോപ്പ് നല്‍കണമെന്നാണ് പൊലീസ് അറിയിച്ചത്. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി പുറത്തു വന്നതിന് പിന്നാലെ ഫ്രാങ്കോ മുളയക്കലും പരാതിയുമായി രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീയുടെ പെരുമാറ്റ ദൂഷ്യം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് കാണിച്ച് ജലന്ധര്‍ പൊലീസില്‍ പരാതി നല്‍കിയെന്നായിരുന്നു ബിഷപ്പിന്റെ വാദം.

ലൈംഗിക പീഡനകേസില്‍ അന്വേഷണ സംഘ തലവന്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന് മുന്‍പാകെയും ബിഷപ്പ് ഫ്രാങ്കോ ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ബിഷപ്പിന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരാതി തയ്യാറാക്കിയ ലാപ്‌ടോപ്പ് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Top