അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ; അച്ചടി തടഞ്ഞതില്‍ ഭാഗീക ഇളവു വരുത്തി കേന്ദ്രസര്‍ക്കാര്‍

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ രേഖകളുടെ അച്ചടി തടഞ്ഞതില്‍ ഭാഗിക ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍.അതിസുരക്ഷാ നമ്പര്‍പ്ലേറ്റില്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ അച്ചടിക്കണമെങ്കില്‍ സുരക്ഷാ കോഡ് നിര്‍ബന്ധമാണെന്ന നിബന്ധനയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഈ സുരക്ഷാ കോഡ് 2019 ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായി ചുരുക്കി. ഈ വാഹനങ്ങള്‍ വിപണിയില്‍ എത്തി തുടങ്ങിയിട്ടേയുള്ളൂ. നിലവില്‍ വിപണിയില്‍ വിറ്റഴിച്ചത് മാര്‍ച്ച് മാസത്തില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ്.

കഴിഞ്ഞ ദിവസമാണ്‌ ആദ്യ നിബന്ധനയില്‍ ഇളവു വരുത്തിയതായി ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ചുള്ള മാറ്റങ്ങള്‍ എം. പരിവാഹന്‍ വെബ്‌സൈറ്റില്‍ വരുത്തിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യാഴാഴ്ച വൈകീട്ടാണ് അച്ചടി തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെങ്ങും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കിത്തുടങ്ങിയിട്ടില്ലെന്ന വിവരം ഉടന്‍ തന്നെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിച്ചിരുന്നു.

പുതിയ നിബന്ധനകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ ചേര്‍ന്ന ഉന്നതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ അച്ചടിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ ആണെന്നും ഇവ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണംചെയ്ത് തുടങ്ങുമെന്നും ഡീലര്‍മാര്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചു.

എന്നാല്‍ വാഹന ഉടകള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിനയായിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതലാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണങ്ങള്‍ നിലവില്‍ വന്നത്. 70,000 വാഹനങ്ങളാണ് സംസ്ഥാനത്ത് ഒരുമാസം പുതിയതായി നിരത്തിലിറങ്ങുന്നത്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്ക് നല്‍കുമെന്നാണ് ഡീലര്‍മാര്‍ അറിയിച്ചിരുന്നത്. ചില ഡീലര്‍മാര്‍ ഇതിന് പണവും വാങ്ങി.

കേന്ദ്രനിയമപ്രകാരം നമ്പര്‍പ്ലേറ്റ് നല്‍കേണ്ടത് വാഹനനിര്‍മാതാവും അത് ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുമാണ്. പക്ഷേ സംസ്ഥാനത്ത് ഒരുമാസത്തിനിടെ ഇറങ്ങിയ പുതിയ വാഹനങ്ങള്‍ക്കൊന്നും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കിയിട്ടില്ല. നിലവില്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ കിട്ടിയെങ്കിലും നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വാഹന ഉടമകള്‍. ഭാവിയില്‍ ഈ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുമ്പോള്‍ സുരക്ഷാകോഡ് എം. പരിവാഹന്‍ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും. ഇതിനുള്ള ചുമതല ഡീലര്‍മാരെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിലവിലുള്ള പഴയ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമല്ല.

Top