ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂവീലര്‍; റെക്കോര്‍ഡ് നേട്ടവുമായി ഹോണ്ട ആക്റ്റീവ

വാഹന വിപണിയില്‍ റെക്കോര്‍ഡ് നേട്ടമാണു ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യന്‍ ടൂവീലര്‍ നേടിയെടുത്തത്.

ഏഴു മാസത്തിനിടയില്‍ 20 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ ഇന്ത്യയിലെ ഏക ടൂവീലര്‍ ബ്രാന്‍ഡ് എന്ന നേട്ടമാണു ഹോണ്ട ആക്റ്റീവ സ്വന്തമാക്കിയത്.

ആക്റ്റീവയോടുള്ള ഇന്ത്യയുടെ സ്‌നേഹം വര്‍ധിക്കുകയാണെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടൂവീലറായി ആക്റ്റീവ മാറിക്കഴിഞ്ഞുവെന്നുമാണു വിവരം.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂവീലറായി ആക്റ്റീവ തുടരുമെന്നു ആത്മവിശ്വാസമുണ്ടെന്നു ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ടൂവീലര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

2001ലാണു ഹോണ്ടയുടെ 102 സിസി ആക്റ്റീവ അവതരിപ്പിച്ചത്. അരങ്ങേറ്റ വര്‍ഷം തന്നെ 55,000 യൂണിറ്റ് വില്‍പ്പന കുറിച്ചു. 2005 ഡിസംബറോടെ വില്‍പ്പന 10 ലക്ഷം യൂണിറ്റായി.

വര്‍ഷങ്ങള്‍ കടക്കുന്നതിനിടെ ആക്റ്റീവ മാറ്റങ്ങള്‍ ഉള്‍കൊണ്ടു. പ്രചാരണത്തില്‍ വന്‍ കുതിപ്പും നേടി.

2012 ഓടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് എന്ന നേട്ടം സ്വന്തമാക്കി. 2016ല്‍ ഹോണ്ടയുടെ ആക്റ്റീവ ഇന്ത്യയിലും ലോകത്തും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തി.

1.5 കോടി ഉപഭോക്താക്കളുള്ള ആദ്യ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ എന്ന സ്ഥാനവും ആക്റ്റീവ കരസ്ഥമാക്കി.

ഇന്ത്യയില്‍ അവതരിപ്പിച്ച് ഏഴു വര്‍ഷം കൊണ്ട് 20 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളില്‍ ഇടം നേടിയ ആക്റ്റീവ 2017 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഏഴു മാസ കാലയളവില്‍ മാത്രം 20 ലക്ഷം ഉപഭോക്താക്കളെ കൂടുതലായി ചേര്‍ത്തു.

അര ദശകത്തിനിടയില്‍ ടൂവീലര്‍ വ്യവസായ രംഗത്ത് 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

Top