എണ്ണവില തകര്‍ച്ച ; ഗള്‍ഫിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: 2014-16 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്.

എണ്ണവില തകര്‍ച്ചയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തികമേഖലയിലെ മാന്ദ്യമാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

ഇറാഖിലും സിറിയയിലും ഐഎസ് തീവ്രവാദികളുടെ ആക്രമണങ്ങളും പിടിച്ചടക്കലുകളും ഈ മേഖലയെയാകെ ബാധിച്ചതായും പറയുന്നു.

സൗദി അറേബ്യയിലേയ്ക്ക് തൊഴില്‍തേടി പോകുന്നവരുടെ എണ്ണത്തിലാണ് വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നത്. 2014ല്‍ 3,29,882 പേരാണ് സൗദിയിലേയ്ക്ക് പോയതെങ്കില്‍ 2016 ആയപ്പോള്‍ 1,65,356 പേരായി കുറഞ്ഞു. എണ്ണത്തില്‍ 50 ശതമാനത്തോളമാണ് കുറവുണ്ടായത്.

എണ്ണ വിലയിടിവു മൂലമുള്ള സാമ്പത്തിക മാന്ദ്യവും സ്വദേശി വല്‍ക്കരണവുമാണ് സൗദിയിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാക്കിയത്.

ഗള്‍ഫില്‍നിന്ന് രാജ്യത്തേയ്ക്ക് അയയ്ക്കുന്ന തുകയിലും ഇടിവുണ്ടായിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 69,819 മില്യണ്‍ ഡോളറാണ് ഇന്ത്യയിലേയ്ക്കയച്ചതെങ്കില്‍ 2015-16 ആയപ്പോള്‍ 65,592 മില്യണ്‍ ഡോളറായി കുറഞ്ഞു.

ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലില്‍പെട്ട രാജ്യങ്ങളിലേയ്ക്ക് 2014ല്‍ 7,75,845 പേരാണ് തൊഴില്‍ തേടി പോയതെങ്കില്‍ 2016ല്‍ ഇത് 5,07,296 ആയി കുറഞ്ഞു.

Top