മെസ്സി പിഎസ്ജി വിട്ടതിനു പിന്നാലെ ‘ആരാധകരും’ ക്ലബിനെ വിട്ടു ; പിന്തുടരുന്നവരിൽ വൻ ഇടിവ്

പാരിസ് : അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ടതിനു പിന്നാലെ ക്ലബിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. മെസ്സി പിഎസ്ജിയിൽ‌ തന്റെ അവസാന മത്സരം പൂർത്തിയാക്കി മടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേര്‍ പിഎസ്ജിയെ പിന്തുടരുന്നതു നിർത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. 69.9 ദശലക്ഷം പേർ സമൂഹമാധ്യമത്തിൽ പിഎസ്ജിയെ പിന്തുടരുന്നുണ്ടായത്, മെസ്സിയുടെ വിടവാങ്ങലോടെ 68.8 ആയി ചുരുങ്ങിയിരുന്നു.

ക്ലെർമോണ്ടിനെതിരെ പിഎസ്ജി 3–2ന് തോറ്റ മത്സരത്തിലും മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ തിരിഞ്ഞിരുന്നു. മത്സരത്തിനു ശേഷം സംഘാടകർ മെസ്സിയുടെ പേരു വിളിച്ചപ്പോൾ കൂവിവിളികളോടെയാണ് ആരാധകര്‍ സൂപ്പർ താരത്തെ നേരിട്ടത്. ക്ലബിനും പാരിസ് നഗരത്തിലെ ജനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ലയണൽ മെസ്സി മത്സര ശേഷം പ്രതികരിച്ചു. സൗദി അറേബ്യന്‍ ക്ലബ് അൽ ഹിലാൽ കോടികളെറിഞ്ഞ് മെസ്സിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

മെസ്സിയുടെ ഫ്രഞ്ച് ക്ലബ്ബിലെ അവസാന മത്സരത്തില്‍ ക്ലെർമണ്ടിനെതിരെ പിഎസ്ജി 3–2നാണു തോറ്റത്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസ്സിയുടെ പേരു വിളിച്ചപ്പോൾ കയ്യടികളും കൂവലുകളും സമ്മിശ്രമായിരുന്നു. മത്സരത്തിൽ മെസ്സിക്ക് ഒട്ടേറെ അവസരങ്ങൾ‍ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല.

16–ാം മിനിറ്റിൽ ഹെഡറിലൂടെ സെര്‍ജിയോ റാമോസും 21–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കിലിയൻ എംബപെയുമാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ച് ക്ലെർമണ്ട് അദ്ഭുത വിജയം നേടി. തോറ്റെങ്കിലും പിഎസ്ജി നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.

Top