രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,447 ആയി; മരണസംഖ്യ 273

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 31 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 8,447ഉം മരണസംഖ്യ 273 ആയി.

ഇതുവരെ 765 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 7,409 പേര്‍ ചികിത്സയിലുമാണ്. രാജ്യത്താകെ 601 കോവിഡ് ആശുപത്രികള്‍ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുദിവസമായി പ്രതിദിനം 15,747 സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇതില്‍ പോസിറ്റീവ് ആകുന്നതിന്റെ എണ്ണം 584 ആണെന്ന് ഐ.സി.എം.ആര്‍. വക്താവ് ഡോ. മനോജ് മുര്‍ഹേക്കര്‍ പറഞ്ഞു. നിലവില്‍ നാല്‍പ്പതിലധികം വാക്സിനുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും തന്നെ അടുത്ത തലത്തിലേക്ക് എത്തിയിട്ടില്ല. അതിനാല്‍, ഇതുവരെ കോവിഡ്-19ന് വാക്സിന്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോ. മനോജ് കൂട്ടിച്ചേര്‍ത്തു.

Top