ഹണിട്രാപ്പില്‍പെടുത്തി നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെടും; ഉത്തരേന്ത്യന്‍ ലോബികള്‍ സജീവമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ്പില്‍പ്പെടുത്തി ഉന്നതരുടെ കൈയ്യില്‍ നിന്ന് പണം തട്ടുന്ന ഉത്തരേന്ത്യന്‍ ലോബി സജീവമാകുന്നു. സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഹൈടെക് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്. ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. പെണ്‍കുട്ടികളുടെ പേരും ചിത്രവുമുളള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുക്കും. പിന്നെ ഇന്‍ബോക്സില്‍ സന്ദേശങ്ങള്‍ വന്നു തുടങ്ങും.

അശ്ലീല സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചാല്‍ വീഡിയോ കോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് വിശ്വാസമാര്‍ജിക്കും. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുരുഷന്‍മാര്‍ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്ത്രീകളാണ് മറുതലയ്ക്കലെന്ന് തെറ്റിദ്ധരിച്ച് പലരും സ്വന്തം നഗ്നദൃശ്യങ്ങളും പങ്കുവയ്ക്കും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പിന്നെ വിലപേശല്‍. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയാവും. ഈ ഭീഷണിയില്‍ കുടുങ്ങിയവരുടെ പണമാണ് പോയത്.

ഇത്തരത്തില്‍ നഗ്ന വീഡീയോ കോളിലേര്‍പ്പെട്ട നൂറോളം പേരാണ് സംസ്ഥാനത്ത് തട്ടിപ്പു സംഘത്തിന്റെ ഇരകളായത്. അപമാനം ഭയന്ന് പരാതി പറയുന്നവര്‍ കേസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. പണം നഷ്ടപ്പെട്ടവരില്‍ ഏറെയും ഉന്നത സാമ്പത്തിക പശ്ചാത്തലമുളളവരാണെന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് ആദ്യ കേസ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന്‍ ലോബിയെ കണ്ടെത്തിയിട്ടുണ്ട്.

Top