ക്രിസ്ത്യന്‍ പാസ്റ്ററെയും, ഭാര്യയെയും നഗ്‌നരാക്കി നടത്തിച്ചെന്ന് പ്രചരണം; സത്യം ഇത്

രു പുരുഷനും, സ്ത്രീയും കൈയില്‍ കുഞ്ഞുമായി തെരുവില്‍ നില്‍ക്കുന്ന ആശങ്കാജനകമായ ചിത്രം ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്. മിഷണി പ്രവര്‍ത്തനം നടത്തിയതിന് പാസ്റ്ററെയും, ഭാര്യയെയും നഗ്‌നരാക്കി ഉത്തര്‍പ്രദേശ് പട്ടണത്തിലൂടെ നടത്തിച്ചെന്നാണ് ചിത്രത്തോടൊപ്പമുള്ള സന്ദേശം ആരോപിച്ചത്. എന്നാല്‍ ഇപ്പറയുന്ന സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് ഗുഡ് മോണിംഗ് ഗോഡ് എന്ന ഫേസ്ബുക്ക് പേജ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാല് വര്‍ഷം മുന്‍പ് പോലീസ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച ദളിത് ദമ്പതികളുടെ ചിത്രം കാണിച്ചാണ് ഫേസ്ബുക്കില്‍ ഈ ഗ്രൂപ്പ് വ്യാജപ്രചരണം നടത്തുന്നത്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍ നടന്ന പ്രതിഷേധത്തില്‍ അഞ്ചംഗ കുടുംബമാണ് പങ്കെടുത്തത്. ഇക്കാര്യം മറച്ചുവെച്ചാണ് ഗുഡ് മോണിംഗ് ഗോഡ് എന്ന പേജ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

ഗ്രേറ്റര്‍ നോയ്ഡ പോലീസ് ദളിത് കുടുംബത്തിന്റെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇവര്‍ ഈ കടുത്ത പ്രതിഷേധത്തിന് തയ്യാറായതെന്ന് സംഭവം നടന്ന 2015 ഒക്ടോബറിലെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ആ സമയത്ത് കാട്ടുതീപോലെ പടര്‍ന്നിരുന്നു.

ഇതിന് ശേഷമാണ് ക്രിസ്ത്യന്‍ പാസ്റ്ററും ഭാര്യയുമാണ് അപമാനിക്കപ്പെടുന്നതെന്ന തെറ്റായ പ്രചരണവുമായി ചില വിഭാഗങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രചരണത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ഈ വാര്‍ത്ത ചിലര്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.

Top