Nuclear-capable Nirbhay cruise missile’s test fails for the fourth time

ബാലസോര്‍: വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള ക്രൂസ് മിസൈലായ ‘നിര്‍ഭയ്’യുടെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു.

ഒഡിഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ബുധനാഴ്ചയായിരുന്നു പരീക്ഷണം.

നേരത്തെ പലതവണ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും അതെല്ലാം ഭാഗിക വിജയങ്ങളായിരുന്നു. 2013 മാര്‍ച്ചിലായിരുന്നു സബ്‌സോണിക് മിസൈലായ നിര്‍ഭയ് ആദ്യമായി പരീക്ഷിച്ചത്.

എന്നാല്‍ ദിശ മാറിയതിനെ തുടര്‍ന്ന് പകുതിവഴിയില്‍ പരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു.

റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറക്കാന്‍ കഴിയുമെന്നതാണ് നിര്‍ഭയ് മിസൈലുകളുടെ പ്രത്യേകത. വളരെ കൃത്യതയോടെ ജനവാസ കേന്ദ്രങ്ങളിലെ പ്രത്യേക ലക്ഷ്യങ്ങളെ തകര്‍ക്കാനും കഴിയും ഈ മിസൈലിന്.

1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് മിസൈല്‍, അമേരിക്കയുടെ ടോമഹ്വാക് മിസൈലിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്.

തദ്ദേശീമായി വികസിപ്പിച്ച അഗ്‌നി, റഷ്യയുമായി ചേര്‍ന്ന് നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ എന്നിവ ഇന്ത്യയ്ക്കുണ്ടെങ്കിലും സബ്‌സോണിക് ക്രൂയിസ് മിസൈല്‍ എന്ന ഇന്ത്യയുടെ സ്വപ്നം ഇപ്പോഴും പൂര്‍ണമായി യാഥാര്‍ത്ഥ്യമായിട്ടില്ല.

നിര്‍ഭയ് മിസൈല്‍ പരീക്ഷണം വിജയിച്ചാല്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഈ സാങ്കേതിവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടും.

മദ്ധ്യദൂര സബ്‌സോണിക് മിസൈലായ ബാബര്‍ 2005ല്‍ പാകിസ്ഥാന്‍ സേനയുടെ ഭാഗമാക്കിയിരുന്നു.

700 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.

Top