വൈദ്യുതി ഉല്‍പ്പാദനത്തിന് ബയോമാസ്സ് ഉപയോഗിക്കാനൊരുങ്ങി എന്‍ടിപിസി

ന്യൂഡല്‍ഹി: ബയോമാസ്സ് ഉപയോഗം വര്‍ദ്ധിപ്പിക്കാനൊരുങ്ങി എന്‍ടിപിസി ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പ്പാദകരാണ് എന്‍ടിപിസി. ഹരിതഗൃഹ വാതകങ്ങളുടെ വര്‍ദ്ധനവും മലിനീകരണവും നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇത്തരത്തിലുള്ള ഒരു ചുവടുവയ്പ്പ് നടത്തുന്നത്. കമ്പനിയുടെ കല്‍ക്കരി തെര്‍മ്മല്‍ പവ്വര്‍ സ്റ്റേഷനുകളിലെ കോ-ഫയറിംഗിനായിട്ടാണ് ബയോമാസ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്ഥ തരത്തിലുള്ള ഇന്ധനങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണ് കോ-ഫയറിംഗ്. പേപ്പര്‍ അടക്കമുള്ള ആക്രി സാധനങ്ങള്‍,കാടില്‍ നിന്നും ലഭിക്കുന്ന സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍, വിളവെടുപ്പിന് ശേഷം വരുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചെറിയ അളവ് കല്‍ക്കരിയുമായി ചേര്‍ത്താണ് പുതിയ രീതിയ്ക്ക് പദ്ധതിയിടുന്നത്.

3 മുതല്‍ 15 ശതമാനം വരെ വൈദ്യുതി ഉല്‍പ്പാദനം ഇത്തരത്തില്‍ നടക്കുമെന്നാണ്‌ കണക്കു കൂട്ടല്‍. തുറസ്സായ കൃഷിയിടങ്ങളില്‍ വിളകള്‍ കത്തി നശിക്കുമ്പോള്‍ ഉണ്ടാകുന്ന വായു മലിനീകരണവും ഇതുവഴി ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എംഎന്‍ആര്‍ഇയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 145 മില്യണ്‍ ടണ്‍ കാര്‍ഷിക മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. ഇതില്‍ നിന്നും 18,728 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

Top