എന്‍ടിപിസി പ്ലാന്റില്‍ പൊട്ടിത്തെറി: 14 പേര്‍ കൊല്ലപ്പെട്ടു, 100 പേര്‍ക്കു പരിക്ക്

ലക്നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) താപനിലയത്തിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.

നൂറിലധികം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്ഫോടനം നടന്ന ബോയിലര്‍ യൂണിറ്റില്‍ കൂടുതല്‍ പേര്‍ പ്ലാന്റിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

500 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പ്ലാന്റിലെ ബോയ്ലര്‍ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് എസ്പി ശിവഹരി മീന അറിയിച്ചു. 210 മെഗാവാട്ട് ശേഷിയുള്ള അഞ്ചു പവര്‍ ജനറേറ്റിംഗ് യൂണിറ്റുകളാണ് എന്‍ടിപിസിയിലുണ്ടായിരുന്നത്.

പ്ലാന്റിലെ ആറാമത് യൂണിറ്റ് കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ ചെയ്തു. ഈ പ്ലാന്റിലാണു പൊട്ടിത്തെറിയുണ്ടായതെന്നാണു സൂചന.

പ്ലാന്റിലെ ഉപയോഗിക്കുന്ന ബോയ്ലര്‍ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനു പിന്നാലെ വന്‍ തീപിടിത്തവുമുണ്ടായി. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇപ്പോള്‍ പ്ലാന്റ് പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.

മരിച്ചവരില്‍ കൂടുതല്‍ പേരുടെയും മരണത്തിനു കാരണമായതു പൊള്ളലാണ്. അപകടത്തില്‍ കൂടുതല്‍ പൊള്ളലേറ്റവരെ ലക്നോവിലെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്.

1988-ലാണ് ഇവിടെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ചു യൂണിറ്റായാണ് പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒരു യൂണിറ്റുകൂടി കമ്മിഷന്‍ ചെയ്യുകയായിരുന്നു.

Top