എന്‍ടോര്‍ക്കിന്റെ പുതിയ മെറ്റാലിക് റെഡ് ഉടന്‍ വിപണിയിലെത്തും

ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഏഴ് മാസം കഴിഞ്ഞപ്പോള്‍ എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടിവിഎസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം 22 ലക്ഷം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി.

ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എന്‍ടോര്‍ക്ക് പുതിയ മെറ്റാലിക് റെഡ് നിറത്തില്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ മാറ്റ് യെല്ലോ, മാറ്റ് ഓറഞ്ച്, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന്‍ എന്നീ ഇരട്ട നിറത്തിലും ഗ്രീന്‍, ബ്ലൂ എന്നീ മെറ്റാലിക് നിറങ്ങളിലും എന്‍ടോര്‍ക്ക് വിപണിയിലുണ്ട്. കോളര്‍ ഐഡി, നാവിഗേഷന്‍, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളുള്ള സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററോടെ ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട് കണക്റ്റ് സ്‌കൂട്ടറായിരുന്നു എന്‍ടോര്‍ക്ക്. ആക്ടീവ 125 അടക്കമുള്ള എതിരാളികളില്‍ നിന്ന് എന്‍ടോര്‍ക്കിന് മുന്‍തൂക്കം നല്‍കിയതും ഈ ഘടകമാണ്.

124.79 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7500 ആര്‍പിഎമ്മില്‍ 9.2 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ഒമ്പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും. മണിക്കൂറില്‍ 95 കിലോമീറ്ററാണ് പരമാവധി വേഗത.

Top