ട്രംപിന് കൊറോണയില്ല, പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തില്‍ വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണയില്ല. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

അഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊവിഡ് അമേരിക്കയ്ക്കും കനത്ത ഭീഷണിയാണ് ഉണ്ടാക്കിയിരുന്നത്. അമേരിക്കയില്‍ മാത്രം കൊവിഡ്-19 ബാധിച്ച് മരിച്ചത് 50 പേരാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിനെയും പരിശോധിച്ചത്. തന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

ലോകത്തില്‍ തന്നെ കൊവിഡ്-19 ബാധിച്ച് നിലവില്‍ മരിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞെട്ടിക്കുന്ന കണക്കുകളാണിത്.

ലോകരാഷ്ട്രങ്ങളിലെ പല നേതാക്കള്‍ക്കും ഇതിനകം തന്നെ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടനും കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാതെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

രോഗം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കഴിഞ്ഞദിവസം ഐസോലേഷനില്‍ പ്രവേശിപ്പിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്കും രോഗ ബാധയുള്ളതായി സംശയിക്കുന്നുണ്ട്. രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

മാത്രമല്ല നിരവധി കായിക താരങ്ങളിലും രോഗബാധ സ്ഥിരീകരിക്കുകയും, ചിലര്‍ നിരീക്ഷണത്തില്‍ കഴിയുകയുമാണ്. പ്രധാനപ്പെട്ട മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട് എന്നാണ് വിവരം.

Top