എ.ബി.വി.പി. സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ കറുത്ത ചായമടിച്ച് എന്‍.എസ്.യു. നേതാക്കള്‍

ന്യൂഡല്‍ഹി: എ.ബി.വി.പി. ഡല്‍ഹി സര്‍വകലാശാലയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ച വീര്‍ സവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു. നേതാക്കള്‍ കറുത്ത ചായമടിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് എന്‍.എസ്.യു നേതാക്കള്‍ പ്രകടനമായെത്തി പ്രതിമയില്‍ കറുത്തചായം പൂശുകയും ചെരിപ്പുമാലയിടുകയും ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എ.ബി.വി.പി. നേതാവുമായ ശക്തി സിങിന്റെ നേതൃത്വത്തില്‍ എ.ബി.വി.പി. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസിലെ ഗേറ്റിന് മുന്നില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.

പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളജ് അധികൃതരെ കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ അധികൃതരുടെ അനുമതിക്കായി ശ്രമിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് കോളജ് എ.ബി.വി.പി പ്രവര്‍ത്തകരുടെ വാദം.

Top