മുഖം തിരിച്ച് എന്‍എസ്എസ് ; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി.

എന്നാല്‍ ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എന്‍ഡിപി അറിയിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് യോഗം

Top