എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയിലെ എന്‍ എസ് എസ് നിലപാട് വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കി. തുടര്‍ന്നും വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയുടെ പേര് പറഞ്ഞാല്‍ വനിതാ മതില്‍ പൊളിയുമെന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാം എന്ന രാഷ്ട്രീയ നിലപാടിലേക്ക് സി പി എം എത്തിയോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ഒളിച്ചുകളി സി പി എം അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യം, ആരെയും അംഗീകരിക്കുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയിലല്ല ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

വനിതാ മതില്‍ നിര്‍മിക്കുന്നതുകൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളു. എന്‍എസ്എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശദമാക്കി. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top