വനിതാ മതില്‍; വര്‍ഗീയത നിറഞ്ഞ ധ്രുവീകരണത്തിന് വഴി തുറമെന്ന്‌ രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: എന്‍എസ്എസിനെ ആക്ഷേപിക്കുന്നതിലൂടെ സര്‍ക്കാര്‍ വര്‍ഗീയ മതിലാണ് കെട്ടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വനിതാ മതിലില്‍ നിന്ന് വിട്ടു നിന്ന സാമൂഹ്യ സംഘടനകളെയും ചലച്ചിത്ര താരങ്ങളെയും സിപിഎം അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതില്‍ സംസ്ഥാനത്ത് സാമൂദായികവും വര്‍ഗീയതയും നിറഞ്ഞ ധ്രുവീകരണകത്തിന് വഴി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വനിതാ മതില്‍ സര്‍ക്കാര്‍ ചിലവില്‍ നടത്താന്‍ തീരുമാനമായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നീക്കി വെച്ച ഫണ്ട് വിനയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫണ്ട് ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടമാകും എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഫണ്ട് വിനിയോഗം തടയണമെന്ന ഹര്‍ജികള്‍ കോടതി അംഗീകരിച്ചില്ല.

അതേസമയം, പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കൊപ്പം കുട്ടികളെയും ഒപ്പം കൂട്ടാന്‍ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടി പറയവേയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് വനിതാ മതില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. വിവിധ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top