എയ്‌ഡഡ്‌ ഹോമിയോ കോളേജിലെ സീറ്റ് തർക്കത്തിൽ എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചു

ഡൽഹി: എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സർക്കാർ ഇടപെടലിന് വഴി ഒരുക്കുന്ന നിയമഭേദഗതിക്കെതിരെ എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചു. 2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദതഗതി ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്‌ഡഡ്‌ കോളേജുകളെയും, അൺ എയ്‌ഡഡ്‌ കോളേജുകളെയും ഒരു പോലെ കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയും, സചിവോത്തപുരം എൻ.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭേദഗതി പ്രകാരം പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. എന്നാൽ എയ്‌ഡഡ്‌ കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിൽ തങ്ങൾക്ക് സമ്പൂർണ്ണ അധികാരം ഉണ്ടെന്നാണ് എൻ.എസ്.എസ്. വാദം. എയ്‌ഡഡ്‌ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എൻ.എസ്.എസിന്റെ ഹർജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

എൻ.എസ്.എസ്. നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാർ പണം നൽകുന്ന എയ്‌ഡഡ്‌ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടി ക്രമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ആയിരുന്നു ഹൈക്കോടതി വിധി.

Top