എന്‍എസ്എസ് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ല; ആരോപണം തള്ളി ജി.സുകുമാരന്‍ നായര്‍

പെരുന്ന: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി എന്‍എസ്എസ് നിലപാടെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അതേ സമയം ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും തങ്ങള്‍ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്എസ് നിലപാട്. ഇക്കുറി അതു ശരിദൂരമാക്കി.വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രധാനമായും സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കാന്‍ ആചാര അനുഷ്ഠാനങ്ങള്‍ എതിരായി നിലകൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ ബോധപൂര്‍വ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ചു.

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്.

എന്‍.എസ്.എസിന്റെ ശരിദൂര നിലപാടിനര്‍ത്ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എന്‍എസ്എസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനു വേണ്ടി എന്‍എസ്എസ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചതു മാത്രമാണു ചര്‍ച്ചാവിഷയമായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍എസ്എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സുകുമാന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Top