കേരളത്തെ ‘ഭ്രാന്താലയ’മാക്കുവാനുള്ള ഏത് നീക്കത്തെയും ‘മുളയിലേ നുള്ളണം’

ജാതി സംഘടനകള്‍, അത് ഏതായാലും വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ തയ്യാറാവുകയാണ് വേണ്ടത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍.എസ്.എസ് നേതാക്കള്‍ പരസ്യമായാണ് യു.ഡി.എഫിന് വോട്ട് പിടിച്ച് കൊണ്ടിരിക്കുന്നത്.

ഇവിടെ യു.ഡി.എഫിനോടല്ല, എന്‍.എസ്.എസ് സ്ഥാനാര്‍ത്ഥിയോടാണ് മത്സരമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് അപകടകരമായ പ്രവണതയാണ്. ജാതി – മത സംഘടനകള്‍ ഇങ്ങനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യപ്രചരണം നടത്തുന്നത്. ഇത് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്. 40 ശതമാനത്തോളം വരുന്ന നായര്‍ വോട്ടുകളാണ് ലക്ഷ്യം.

ഏതാനും വ്യക്തികളോ നേതാക്കളോ അല്ല സംഘടന എന്ന കാര്യം എന്‍.എസ്.എസ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനയെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്ക് കീഴില്‍ കെട്ടുന്നത് ശരിയായ നടപടിയല്ല. എന്‍.എസ്.എസ് പിന്തുടര്‍ന്ന് വന്നിരുന്ന സമദൂര കാഴ്ചപ്പാടിന് വിരുദ്ധമാണിത്.

രാഷ്ട്രീയത്തില്‍ മോഹം ഉദിച്ച് മുന്‍പ് എന്‍.എസ്.എസ് ഉണ്ടാക്കിയ എന്‍.ഡി.പി യുടെ അവസ്ഥ എന്തായിരുന്നു എന്നത് കേരളം മുന്‍പ് കണ്ടതാണ്. ഒരു ജാതിപ്പാര്‍ട്ടിയെയും ഈ മണ്ണ് അംഗീകരിക്കുകയില്ല. ജാതി – മത ശക്തികളുടെ നിലപാടിന് അനുസരിച്ച് തീരുമാനമെടുക്കുന്ന ജനതയല്ല കേരളത്തിലുള്ളത്. ഇക്കാര്യം എന്‍.എസ്.എസ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. എന്‍.ഡി.പി യുടെ അസ്തമയത്തിന് ശേഷം ഇതാദ്യമായാണ് പരസ്യമായി എന്‍.എസ്.എസ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിരിക്കുന്നത്. അതിന് അവരെ പ്രേരിപ്പിച്ച ‘ഘടകം’ എന്ത് തന്നെ ആയാലും അത് കേരളീയ സമൂഹത്തിന് ബോധ്യപ്പെടാത്തതാണ്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിയെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞിരുന്നു. അതുവഴി പല നേട്ടങ്ങളും എന്‍.എസ്.എസ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാന്‍ വരെ സമ്മര്‍ദ്ദം ചെലുത്തിയത് എന്‍.എസ്.എസ് ആയിരുന്നു. യു.ഡി.എഫ്സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കുമ്പോള്‍ ചില മണ്ഡലങ്ങളില്‍ ‘ക്ലിയറന്‍സ്’ കൊടുത്തത് പോലും ഈ ജാതി സംഘടനയാണ്. മന്ത്രിമാര്‍ക്ക് നല്‍കുന്ന വകുപ്പുകളില്‍ വരെ യു.ഡി.എഫ് ഭരണകാലത്ത് ‘പെരുന്ന’ ഇടപെട്ടിട്ടുണ്ട്.

അക്കാലത്ത് ഉമ്മന്‍ ചാണ്ടി മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മിക്ക മന്ത്രിമാരും എന്‍.എസ്.എസ് ആസ്ഥാനത്തെ നിത്യ സന്ദര്‍ശകരുമായിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഭരണകൂട സമീപനങ്ങളും ആകെയിപ്പോള്‍ മാറിയിരിക്കുകയാണ്.

എന്‍.എസ്.എസ് നേതൃത്വത്തിന് ഒരിക്കലും ഉള്‍ക്കൊളാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി വിറച്ച് നിന്ന പോലെ സമുദായ നേതാക്കളുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന ഏര്‍പ്പാടും പിണറായിക്കില്ല.

സുകുമാരന്‍ നായരെ പോലെ തന്നെ യു.ഡി.എഫ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ വെള്ളാപ്പള്ളിപോലും പിണറായിക്ക് മുന്നില്‍ സാഷ്ടാംഗമാണ് വീണിരിക്കുന്നത്. ഈ രണ്ട് സമുദായ നേതാക്കളുടെയും കഴിഞ്ഞ കാല ‘പവറും’ ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ചാല്‍ നിലപാടിന് പിന്നിലെ താല്‍പ്പര്യങ്ങളും ഏറെക്കുറെ വ്യക്തമാകും.

ഇവിടെ സമുദായ നേതാക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് നിലപാട് സ്വീകരിക്കുന്നില്ല എന്നതാണ് പിണറായി സര്‍ക്കാറിനെ വ്യത്യസ്തമാക്കുന്നത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന്‍ പോലും അങ്ങോട്ട് പോയാണ് ‘സറണ്ടര്‍’ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നവോത്ഥാന സമിതിയുണ്ടാക്കിയപ്പോള്‍ സ്വന്തം പാളയത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിട്ടും വെള്ളാപ്പള്ളിക്ക് സഹകരിക്കേണ്ടി വന്നതും യാദൃശ്ചികമല്ല, ഇതിനെയെക്കെയാണ് ‘വരച്ച വരയില്‍’ നിര്‍ത്തുക എന്നൊക്കെ പറയുന്നത്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും നടത്തിയ സമ്മര്‍ദ്ദ തന്ത്രങ്ങങ്ങള്‍ ഒന്നും തന്നെ ഇടത് സര്‍ക്കാറിലിപ്പോള്‍ ഏശുന്നില്ല. അതു തന്നെയാണ് ഈ സമുദായ നേതാക്കളെ ഇപ്പോള്‍ ഏറെ അസ്വസ്ഥപ്പെടുത്തുന്നതും. വെള്ളാപ്പള്ളി തല്‍ക്കാലം ഒഴിക്കിന് അനുസരിച്ച് നീന്താന്‍ ശ്രമിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തവുമാണ്.

എന്‍.എസ്.എസ് നേതൃത്വമാകട്ടെ എങ്ങനെയും പിണറായി സര്‍ക്കാര്‍ പോയാല്‍ മതിയെന്ന അവസ്ഥയിലാണിപ്പോള്‍. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ പിന്നെ തിരിച്ച് വരവ് പ്രയാസമാകുമെന്ന് കണ്ടാണ് അവരിപ്പോള്‍ സമദൂരം വെടിഞ്ഞിരിക്കുന്നത്. യു.ഡി.എഫിലാണ് ‘ശരിദൂരം’ എന്‍.എസ്.എസ് നേതാക്കള്‍ നിലവില്‍ കാണുന്നത്. വട്ടിയൂര്‍ക്കാവില്‍ പരസ്യമായും കോന്നി ഉള്‍പ്പെടെ മറ്റു മണ്ഡലങ്ങളില്‍ രഹസ്യമായുമാണ് സഹായം.

നായര്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നത് അപമാനമായാണ് എന്‍.എസ്.എസ് നോക്കി കാണുന്നത്. പ്രചരണത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പിന്നോക്കം പോയതോടെയാണ് ‘കളം’ എന്‍.എസ്.എസ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. കരയോഗങ്ങളും ജനറല്‍ ബോഡിയും വിളിച്ച് ചേര്‍ക്കുക മാത്രമല്ല, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും എന്‍.എസ്.എസ് മണ്ഡലത്തില്‍ വ്യാപകമാക്കിയിട്ടുണ്ട്.

അതേസമയം, സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നടത്തുന്ന ഈ നീക്കത്തിനെതിരെ എന്‍.എസ്.എസില്‍ ഭിന്നതയും ശക്തമായിട്ടുണ്ട്. കരയോഗങ്ങളില്‍ പല സമുദായംഗങ്ങളും പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ നിലവിലുണ്ട്. രാഷ്ട്രീയം വേറെ, സമുദായ സ്‌നേഹം വേറെ എന്ന നിലപാടിലണ് ഈ വിഭാഗം.

എന്‍.എസ്.എസ് നേതൃത്വം പരസ്യമായി വോട്ട് ചോദിച്ച് ഇറങ്ങിയത് മറ്റു സമുദായങ്ങളില്‍ ധ്രുവീകരണത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ‘വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുമോ’ എന്ന ഭീതി യു.ഡി.എഫ് നേതാക്കളിലും പ്രകടമാണ്.

രാഷ്ട്രീയ പോരാട്ടത്തില്‍ സാമുദായിക സംഘടനകള്‍ക്ക് പ്രസക്തിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ പ്രചരണം നടത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

എന്‍.എസ്.എസ് നിലപാട് തിരിച്ചടിക്കുമോ എന്ന ആശങ്ക ഏറെയുള്ളത് ബി.ജെ.പിക്കാണ്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ രണ്ടാമത് എത്തിയത് കുമ്മനം രാജശേഖരനായിരുന്നു. കുമ്മനത്തിന് കിട്ടിയ നായര്‍ വോട്ടില്‍ ചോര്‍ച്ചയുണ്ടായാല്‍ അത് ബി.ജെ.പിയുടെ സാധ്യതയെയാണ് ഗുരുതരമായി ബാധിക്കുക. മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാമെന്ന ആത്മവിശ്വാസം സി.പി.എമ്മിനുള്ളതും ഈ കണക്കുകള്‍ കൂടി മുന്‍ നിര്‍ത്തിയാണ്.

സമുദായ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വോട്ട് ബാങ്കല്ല ഇടതുപക്ഷത്തിന്റേതെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇതിനകം തന്നെ വട്ടിയൂര്‍ക്കാവിലെ എന്‍.എസ്.എസ് നിലപാട് മറ്റു മണ്ഡലങ്ങളിലും ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇതര സമുദായംഗങ്ങള്‍ക്കിടയില്‍ ഈ നിലപാട് അതൃപ്തി സൃഷ്ടിച്ചാല്‍ യു.ഡി.എഫിനാകും അത് വലിയ പ്രഹരമാവുക.

നിലവില്‍ തീ പാറുന്ന മത്സരമാണ് 5 മണ്ഡലങ്ങളിലും നടക്കുന്നത്. എറണാകുളം ഒഴികെ ഒരു മണ്ഡലത്തിലും പ്രചരണത്തില്‍ യു.ഡി.എഫ് മുന്നില്‍ എത്തിയിട്ടില്ല. മഞ്ചേശ്വരത്ത് മൂന്ന് മുന്നണികളും ഏകദേശം ഒപ്പത്തിനൊപ്പമാണ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും പ്രചരണത്തില്‍ മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ്.ഇവിടെ ഇടതുപക്ഷവും ബി.ജെ.പിയുമാണ് മുന്നില്‍. യു.ഡി.എഫ് കോട്ടയായ എറണാകുളത്ത് പ്രചരണത്തില്‍ അവര്‍ മുന്നിലാണെങ്കിലും ശക്തമായ മത്സരമാണ് നടക്കുന്നത്.

പ്രചരണത്തില്‍ പിന്നോക്കം പോയാലും വോട്ടുകള്‍ കൂടുതലും യു.ഡി.എഫിനാണ് കിട്ടുകയെന്നാണ് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്. അഞ്ചില്‍ നാല് സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തുമെന്നാണ് അവരുടെ അവകാശവാദം. ബി.ജെ.പിയാകട്ടെ ത്രികോണ മത്സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ ഒരു സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ രണ്ട് മുന്നണികളുടെയും കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടല്‍.

അരൂര്‍ സീറ്റ് നിലനിര്‍ത്തുന്നതോടൊപ്പം രണ്ട് സീറ്റുകളിലെങ്കിലും അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നാണ് ചെമ്പടയുടെ പ്രതീക്ഷ. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ ചുവപ്പ് പ്രതീക്ഷ വലുതാണ്.

അരൂര്‍ സീറ്റ് നില നിര്‍ത്തിയാല്‍ പോലും അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. കൂടുതല്‍ എത്ര സീറ്റ് ചെമ്പട പിടിച്ചാലും അത് യു.ഡി.എഫിന്റെ മുകളില്‍ ‘ആണി’ അടിക്കുന്നതിന് തുല്യമായാണ് മാറുക. പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനുള്ള വാതിലാണ് അതോടെ തുറക്കപ്പെടുക. ജാതി – മത ശക്തികളെ ആശങ്കപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.

സമുദായ നേതൃത്വങ്ങള്‍ക്കാവശ്യം അവര്‍ പറയുന്ന പോലെ പ്രവര്‍ത്തിക്കുന്ന ഒരു പാവ സര്‍ക്കാറിനെയാണ്. പിണറായി മാറണമെന്ന് ആഗ്രഹിക്കുന്നതും ഈ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഇവിടെയാണ് സാംസ്‌കാരിക കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്.

നമ്മള്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് വോട്ട് നല്‍കേണ്ടത്. അത് ജനാധിപത്യത്തില്‍ ഒരോ പൗരന്റെയും അവകാശമാണ്. ഈ അവകാശത്തിന്‍മേല്‍ സ്വാധീനം ചെലുത്താന്‍ ഒരു സമുദായ സംഘടനയെയും അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ ഇന്ന് എന്‍.എസ്.എസ് വന്ന പോലെ നാളെ മറ്റു പലരും വരും. രാഷ്ട്രീയ കേരളത്തിന്റെ ഇന്നുവരെയുള്ള ബോധത്തെയാണ് അവരെല്ലാം ചേര്‍ന്ന് ആക്രമിക്കുക.

ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ജനങ്ങള്‍ പരസ്പരം പോരടിക്കുന്ന ഒരവസ്ഥ കേരളത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഇക്കാര്യം കൂടി ഓര്‍ത്തിട്ടു വേണം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍.

Political Rporter

Top