nss – bjp

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ സമദൂര രാഷ്ട്രീയ സിദ്ധാന്തമുണ്ടാക്കിയ എന്‍.എസ്.എസ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുഐക്യമെന്ന ബി.ജെ.പി നീക്കത്തോട് മുഖം തിരിച്ചു നില്‍ക്കുന്നു.

പിന്തുണ തേടിയെത്തിയ സൂപ്പര്‍താരം സുരേഷ്‌ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തുനിന്നും ചീത്തപറഞ്ഞ് ഇറക്കിവിട്ട ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബി.ജെ.പിയോട് ഇപ്പോഴും അകലം പാലിക്കുകയാണ്. കേന്ദ്ര നേതൃത്വം വരെ ഇടപെട്ടിട്ടും ബി.ജെ.പിയെ സഹായിക്കാന്‍ എന്‍.എസ്.എസ് തയ്യാറായിട്ടില്ല.

വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസുമായി ബി.ജെ.പി ധാരണയുണ്ടാക്കിയതും എന്‍.എസ്.എസിനെതിരെ നിലപാടെടുക്കുന്ന കെ.ആര്‍ ഭാസ്‌ക്കരപിള്ളയുടെ നായര്‍ സമാജവുമായുള്ള ബന്ധവുമാണ് എന്‍.എസ്.എസിന്റെ പ്രകോപനത്തിന് കാരണം.

നായര്‍വാദം ഉയര്‍ത്തുമ്പോഴും മതസൗഹാര്‍ദ്ദ നിലപാടുകള്‍ മുറുകെ പിടിക്കുന്ന പാരമ്പര്യമാണ് എന്‍.എസ്.എസിനുള്ളത്. എന്‍.ഡി.പി എന്ന രാഷ്ടീയ പാര്‍ട്ടിയുണ്ടാക്കി യു.ഡി.എഫിന്റെ ഘടകകക്ഷിയായിരുന്ന എന്‍.എസ്.എസ് പിന്നീട് പാര്‍ട്ടി പിരിച്ചുവിട്ട് ഇരുമുന്നണികളോടും സമദൂരം പ്രഖ്യാപിക്കുകയായിരുന്നു.

സമദൂരം പേരിലാണെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് അനുകൂല നിലപാടാണ് എന്‍.എസ്.എസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ബി.ജെ.പിയുടെ ഒ. രാജഗോപാലിനായിരുന്നു എന്‍.എസ്.എസ് പിന്തുണ ലഭിച്ചിരുന്നത്. നേമത്തും എന്‍.എസ്.എസ് പിന്തുണ രാജഗോപാലിനു ലഭിച്ചു. എന്നാല്‍ രാജഗോപാലിനു വ്യക്തിപരമായി നല്‍കിയ പിന്തുണ ബി.ജെ.പിക്ക് നല്‍കാന്‍ എന്‍.എസ്.എസ് നേതൃത്വം തയ്യാറല്ല.

എന്‍.എസ്.എസിന്റെ രാഷ്ടീയ നിലപാടിനൊപ്പം അംഗങ്ങള്‍ നില്‍ക്കാത്തത്തും ചരിത്രമാണ്. ഇടമലയാര്‍ അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ജയിലിലടച്ച ആര്‍. ബാലകൃഷ്ണപിള്ള എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പിള്ളയെ ശക്തമായി പിന്തുണച്ച എന്‍.എസ്.എസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നു പ്രഖ്യാപിച്ച് പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി ആയിഷ പോറ്റിയാണ് വിജയിച്ചത്.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശാലഹിന്ദു ഐക്യത്തിനും എന്‍.എസ്.എസ് പിന്തുണ കിട്ടിയിരുന്നില്ല. അതേസമയം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണ് എന്‍.എസ്.എസിനുള്ളത്. എം. വിജയകുമാറും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സി.പി.എം നേതാക്കളില്‍ ഒരു വിഭാഗത്തോടും എന്‍.എസ്.എസ് നേതൃത്വത്തിന് മമതയുണ്ട്. അതിനാല്‍ തന്നെ ഇടതുഭരണക്കാലത്തും എന്‍.എസ്.എസുമായി ഏറ്റുമുട്ടലുണ്ടാവാറില്ല.

കോണ്‍ഗ്രസാവട്ടെ ദേവസ്വം ബോര്‍ഡുകളില്‍ പോലും എന്‍.എസ്.എസ് പ്രതിനിധികളെ നിയമിക്കുന്നതില്‍ പിശക് കാണിക്കാറില്ല.

എന്‍.എസ്.എസുമായുള്ള അകല്‍ച്ച തന്റെ വിജയസാധ്യത ഇല്ലാതാക്കി എന്നതാണ് നടന്‍ സുരേഷ് ഗോപിയെ ഇപ്പോള്‍ മത്സര രംഗത്തുനിന്ന് അകറ്റിയതെന്നാണ് വിവരം. കുമ്മനം രാജശേഖരന്‍ പ്രസിഡന്റായശേഷം എന്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ച നടന്നെങ്കിലും ബി.ജെ.പിക്ക് അനുകൂലമായി ഒരുതരത്തിലുള്ള പ്രതികരണവും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരില്‍നിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും നായര്‍ വോട്ടില്‍ പത്തില്‍താഴെ ശതമാനമാണ് ബി.ജെ.പിക്ക് അനുകൂലമായി ലഭിച്ചിരുന്നത്. 2006 ല്‍ 45 ശതമാനം നായര്‍ വോട്ടുകള്‍ എല്‍.ഡി.എഫിനും 38 ശതമാനം യു.ഡി.എഫിനും ലഭിച്ചുവെന്നാണ് എന്‍.എസ്.എസിന്റെ വിലയിരുത്തല്‍. 2011ല്‍ എല്‍.ഡി.എഫിന് 44 ശതമാനവും യു.ഡി.എഫിന് 43 ശതമാനവും നായര്‍ വോട്ടുകള്‍ കിട്ടിയെന്നും പറയുന്നു.

എന്‍.എസ്.എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തതുകാരണം നായര്‍ വോട്ടുകള്‍ കൂടുതലുള്ള നേമം പോലുള്ള മണ്ഡലങ്ങളില്‍ വലിയ പ്രതിസന്ധിയായിരിക്കും ഉണ്ടാവുക. എന്‍.എസ്.എസ് നേതൃത്വവുമായി വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കള്‍ക്കും അടുത്ത ബന്ധമില്ല. ഇത് തിരിച്ചടിയാകുമോയെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും എന്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനോട് മാത്രമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിര്‍പ്പുള്ളത്.

Top