സഹായം തേടി, ഇപ്പോള്‍ വിമര്‍ശിക്കുന്നു; വി.ഡി സതീശനെതിരെ എന്‍എസ്എസ്

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തുറന്നടിച്ച് എന്‍എസ്എസ് രംഗത്ത്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചോദിച്ചു. പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെപിസിസിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോള്‍ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല.

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും എന്‍എസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നു. താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം തേടി. ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍എസ്എസിനോട് സഹായം തേടിയിരുന്നു. എന്നാല്‍ ആര്‍ക്കും എതിരായ നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം എന്‍എസ്എസിന്റെ പ്രതികരണം ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.

പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്നാണ് പ്രതിപക്ഷ നേതാവ് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത്. മുന്നണികളോടും പാര്‍ട്ടികളോടും എന്‍എസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളില്‍ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.

 

Top