NSG withdraws 600 men from VVIP security duty

ന്യൂഡല്‍ഹി: 600 ഓളം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) കമാന്‍ഡോകളെ വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍നിന്ന് ഒഴിവാക്കുന്നു. ഇവരെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കുമാത്രം ഉപയോഗിക്കാനാണ് തീരുമാനം. പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിടാന്‍ എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിച്ചത് വന്‍ വിജയമായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

തീവ്രവാദികളെ നേരിടുന്നതിനും, ബന്ദികളെ മോചിപ്പിക്കുന്നതിനും, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിക്കാനാണ് നീക്കം. വി.വി.ഐ.പി സുരക്ഷാ ചുമതല രണ്ട് യൂണിറ്റുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തും. തീവ്രവാദികളെ നേരിടുന്ന യൂണിറ്റുകള്‍ക്ക് മറ്റ് ചുമതലകള്‍ ഉണ്ടാവില്ല.

ഭാവിയില്‍ വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍നിന്ന് എന്‍.എസ്.ജിയെ പൂര്‍ണമായും ഒഴിവാക്കാനും നീക്കമുണ്ട്. തീവ്രവാദികളെ നേരിടുന്നതിനുള്ള പ്രത്യേക കമാന്‍ഡോ വിഭാഗമാക്കി എന്‍.എസ്.ജിയെ പൂര്‍ണമായും മാറ്റാനാണ് നീക്കമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 300 എന്‍.എസ്.ജി കമാന്‍ഡോകളാണ് ജനവരി 2 ന് നടന്ന പത്താന്‍കോട്ട് ഭീകരാക്രമണം നേരിട്ടത്.

15 പ്രമുഖരുടെ സുരക്ഷാചുമതലയാണ് ഇപ്പോള്‍ എന്‍.എസ്.ജിക്കുള്ളത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴില്‍ രൂപീകരിച്ചതാണ് എന്‍.എസ്.ജി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാനായി രൂപംകൊടുത്ത എന്‍.എസ്.ജി., പിന്നീട് പ്രമുഖരുടെ സുരക്ഷാചുമതലയിലേക്കുമാത്രമായി ചുരുങ്ങുകയായിരുന്നു.

Top