പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; പിന്നിലെ ബുദ്ധി കേന്ദ്രം ഡോവല്‍ !

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് ചരട് വലിച്ചത് സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രധാനമന്ത്രി ലേയില്‍ ഇറങ്ങുന്നതുവരെ സന്ദര്‍ശനത്തെ പറ്റിയുള്ള ഒരു വിവരവും പുറത്ത് വന്നിരുന്നില്ല.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം. നരവണെ എന്നിവര്‍ക്കൊപ്പമാണ് മോദി ഇന്നലെ ലഡാക്കില്‍ എത്തിയത്.

പ്രധാനമന്ത്രി നേരിട്ട് സംഘര്‍ഷ പ്രദേശത്ത് എത്തുക വഴി ചൈനയ്ക്ക് കൃത്യമായ സന്ദേശം നല്‍കുക മാത്രമല്ല ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് ജനതയ്ക്ക് ഉറപ്പു നല്‍കലും കൂടിയായി അതിനെ വ്യാഖ്യാനിക്കപ്പെടും.

കൂടാതെ അതീവരഹസ്യമായി പ്രധാനമന്ത്രിയെ എത്തിച്ചത് സൈന്യത്തിന് ആത്മവിശ്വാസം ഉയര്‍ത്താനും ഉപകരിച്ചു.

ലേയിലെ കുഷോക് ബകുള റിംപോചെ വിമാനത്താവളത്തിലെത്തിയ മോദി നിമുവിലെ 14 കോര്‍പ്‌സ് ഹെഡ്ക്വാര്‍ഡട്ടേഴ്‌സിലേക്കാണ് ആദ്യമെത്തിയത്. ഇവിടെ വെച്ച് ലഡാക്കിലെ സ്ഥിതിഗതികള്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഹരിന്ദര്‍ സിങ് വിശദീകരിച്ചു. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനയുമായുള്ള സൈനിക ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് സൈനികരെ അഭിസംബോധന ചെയ്യുകയും സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.

Top