ഒരു മാസം മുന്‍പ് വാങ്ങിയ 20 സെന്റ് സ്ഥലം പ്രളയത്തില്‍ വീട് നഷ്ടപെട്ടവര്‍ക്ക് നല്‍കി ജിജി ജോര്‍ജ്

മനാമ : മഴക്കെടുതിയില്‍ ഒറ്റപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് തന്റെ സമ്പാദ്യത്തിന്റെ പകുതിയും നല്‍കി കൈതാങ്ങാവുകയാണ് മലപ്പുറം നിലമ്പൂര്‍ വളിക്കളവ് മടപ്പൊയ്ക ചെരുവില്‍ വീട്ടില്‍ ജിജി ജോര്‍ജ്.

പ്രളയത്തില്‍ നിലമ്പൂര്‍ ഒറ്റപ്പെട്ടത് അടുത്ത കൂട്ടുകാരി റൂബി നാട്ടില്‍ നിന്ന് വിളിച്ചുപറഞ്ഞതോടെയാണ് ജിജി അറിയാനിടയായത്. മറ്റൊന്നും ആലോചിച്ചില്ല, ബഹ്‌റൈന്‍ ആദിലിയയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ട് ഒരു മാസം മുന്‍പ് മാത്രം സ്വന്തമാക്കിയ 25 സെന്റ് ഭൂമിയില്‍ നിന്ന് 20 സെന്റ് മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അഞ്ച് കുടുംബങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ജിജിയുടെ വാക്കുകള്‍ കേട്ട് ആദ്യം ഞെട്ടിയത് റൂബി തന്നെയായിരുന്നു. ആലോചിച്ചെടുത്ത തീരുമാനമാണോ എന്നായിരുന്നു അവളുടെ ചോദ്യം. പത്തു കൊല്ലം സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച എന്നെ നിനക്കറിയില്ലേ, ഞാനൊരു വാക്ക് പറഞ്ഞാ വാക്കാണ് എന്നായിരുന്നു ജിജിയുടെ മറുപടി.

നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ആലീസിനോടും മക്കളായ പ്ലസ് ടു വിദ്യാര്‍ഥി അഖില്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി നിഖില്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അനൈന എന്നിവരോടും കാര്യം പറഞ്ഞു. എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. തുടര്‍ന്ന് റൂബി സ്ഥലം എംഎല്‍എ പി.വി.അന്‍വറിനോട് കാര്യം പറഞ്ഞു. എംഎല്‍എ ജിജിയെ വിളിച്ച് ഏറ്റവും അനുയോജ്യരായ അഞ്ച് കുടുംബങ്ങളെ കണ്ടെത്താമെന്ന് ഉറപ്പും നല്‍കി. ഒരു മാസം മുന്‍പാണ് 37കാരിയായ ജിജി ഈ സ്ഥലം വാങ്ങിയത്. റജിസ്‌ട്രേഷന്‍ അടുത്തിടെ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

പൂര്‍ണ മനസ്സോടെയാണ് ഞാനെന്റെ സ്ഥലം പാവങ്ങള്‍ക്ക് നല്‍കുന്നത്. കാരണം, ഇതേ അവസ്ഥയിലൂടെ കടന്നുവന്നവരാണ് ഞങ്ങള്‍. ഇല്ലാത്തവരുടെ കഷ്ടപ്പാടുകള്‍ എനിക്കറിയാമെന്നും ജിജി പറയുന്നു. നാട്ടില്‍ ധനികരും ദരിദ്രരും ബുദ്ധിമുട്ടിലാണ്. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത് കരളലിയിപ്പിക്കുന്ന കഥകള്‍. പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും. അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്നാണ് ജിജിയുടെ വാദം. ജിജിയുടെ ഭര്‍ത്താവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുപോയിരുന്നു. പത്ത് വര്‍ഷം മുന്‍പാണ് ജിജി ജോലി തേടി ബഹ്‌റൈനിലെത്തിയത്.

Top